മമ്മൂട്ടിയും മോഹന്‍ലാലും ഡബ്ബ് ചെയ്യുമ്പോള്‍ അടുത്തിരുന്ന് കേട്ടതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അലിയാര്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ വിധേയന്റെ സെറ്റില്‍ മമ്മൂട്ടി മലയാളം തന്നെയാണ് പറഞ്ഞതെന്നും ഡബ്ബ് ചെയ്തപ്പോഴാണ് കന്നഡ കലര്‍ന്ന മലയാളം പറഞ്ഞന്നതെന്നും അലിയാര്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലിയാര്‍.
‘മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരുന്ന് കണ്ടിട്ടുണ്ട്. കൗരവരും അടൂര്‍ സാറിന്റെ പടങ്ങളും ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഒന്നാന്തരം പെര്‍ഫോമന്‍സുള്ള അടൂര്‍ സാറിന്റെ പടമാണ്. അതിന്റെ ഷൂട്ട് സമയത്ത് ശരിക്കുള്ള മലയാളം തന്നെയാണ് പുള്ളി പറഞ്ഞിരിക്കുന്നത്. പക്ഷേ ഡബ്ബിങ്ങിന് വന്നപ്പോഴാണ് ശകലം കന്നഡ കലര്‍ത്തി വേറൊരു രീതിയില്‍ ഡബ്ബ് ചെയ്തത്. അതൊരു നല്ല സംഭവമായിരുന്നു.
ഗാന്ധര്‍വം സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ തൊട്ടടുത്ത് ഇരുന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആ സിനിമയില്‍ നായികയുടെ അച്ഛന് ഡബ്ബ് ചെയ്യാനായിട്ടാണ് ഞാന്‍ ചെന്നത്. കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നത് ഡബ്ബിങ്ങിലാണ്. അഥവാ ചെറിയ വീഴ്ചകളെന്തെങ്കിലും വന്നാലും അതൊക്കെ ശരിയാക്കാന്‍ പറ്റുന്ന അവസരമാണ് ഡബ്ബിങ്.
ഒരു ചെറിയ ഉദാഹരണം വേണേല്‍ പറയാം. ഒറ്റപ്പാലത്ത് ബസ് കണ്ടക്ടറിന്റെ ഷൂട്ടിങ് നടന്നത് നോമ്പ് സമയത്തായിരുന്നു. ഒരു ദിവസംഞാന്‍ നോമ്പൊക്കെ തുറന്ന് ആഹാരം കഴിച്ചിരിക്കുന്ന സമയത്ത് മമ്മൂട്ടി എന്റടുക്കലേക്ക് ഓടി വന്നു. എന്നിട്ട് പറഞ്ഞു അദ്ദേഹം എറണാകുളം വരെ പോവുകയാണ് പിറ്റേന്ന് രാവിലെ എത്തിക്കോളാമെന്ന്.
എന്താണിപ്പോള്‍ പെട്ടെന്ന് നോമ്പ് തുറന്ന് ക്ഷീണമൊക്കെയല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഒരു പടത്തിന്റെ ക്ലൈമാക്സ് മാറ്റി ഡബ്ബ് ചെയ്യാനുണ്ടെന്നും, ഞാന്‍ പിന്നെ ആലോചിച്ച് നോക്കിയപ്പോള്‍ അത് പോരാന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാത്രി തന്നെ നോമ്പ് പിടിച്ച് ക്ഷീണിച്ച മമ്മൂട്ടി എറണാകുളം വരെ പോയി ക്ലൈമാക്സ് മാറ്റി ഡബ്ബ് ചെയ്ത് തിരിച്ചു വന്നു. രാജമാണിക്യത്തിന്റെ ക്ലൈമാക്സായിരുന്നു അത്,’ അലിയാര്‍ പറഞ്ഞു.
Content Highlight: aliyar about mamootty’s dubbing in vidheyan