| Tuesday, 4th September 2018, 8:16 am

സച്ചിന്റെ റെക്കോഡ് സേഫ്; അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് അവസാന മത്സരമായിരിക്കുമെന്ന് കുക്ക് അറിയിച്ചു.

33 കാരനായ കുക്കാണ് ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 160 ടെസ്റ്റുകളില്‍ നിന്ന് 32 സെഞ്ച്വറിയും 56 അര്‍ധസെഞ്ച്വറിയുമാണ് കുക്കിന്റെ സമ്പാദ്യം. 12254 റണ്‍സാണ് ഇംഗ്ലണ്ടിനായി കുക്ക് നേടിയത്. ഇതില്‍ 11627 റണ്‍സും ഓപ്പണറായി ഇറങ്ങിയതാണ്.

ഇത് ക്രിക്കറ്റിലെ സര്‍വകാല റെക്കോഡാണ്. ഇപ്പോഴും ടെസ്റ്റ് കളിക്കുന്നവരില്‍ 10000 ടെസ്റ്റ് റണ്‍സ് പിന്നിട്ട ഏകതാരമാണ് കുക്ക്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് കുക്ക്. സച്ചിന്‍ (15921), പോണ്ടിംഗ് (13378), കാലിസ് (13289), ദ്രാവിഡ് (13288), സംഗക്കാര (12400) എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.

ALSO READ: ഇത് ചരിത്രം; മെസിയില്ലാതെ മികച്ച താരങ്ങളുടെ പട്ടിക പുറത്തിറക്കി ഫിഫ

ടെസ്റ്റില്‍ സച്ചിന്റെ റണ്‍സ് മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമായിരുന്നു കുക്ക്. എന്നാല്‍ സമീപകാലത്ത് ഫോം നഷ്ടത്തിലായ താരം ടീമിന് വേണ്ടി ചെയ്യാന്‍ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കളം വിടുന്നത്.

ഏറ്റവും ഒടുവില്‍ കളിച്ച 16 ഇന്നിങ്‌സുകളില്‍ 18.62 മാത്രമാണ് കുക്കിന്റെ ശരാശരി. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നാലു ടെസ്റ്റിലും കളിച്ചെങ്കിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാനുമായില്ല. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം മൈക്കല്‍ വോനു പകരക്കാരനായി 21ാം വയസ്സിലാണ് ഈ ഇടംകയ്യന്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.

ALSO READ: ടീം ഇന്ത്യയെ കാണാന്‍ അപ്രതീക്ഷിത അതിഥി; ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്

ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ നയിച്ച നായകന്‍ എന്ന റെക്കോഡും സ്വന്തം പേരിലാക്കിയാണ് കുക്ക് കളിനിര്‍ത്തുന്നത്. 59 ടെസ്റ്റുകളിലാണ് കുക്ക് ഇംഗ്ലണ്ടിനെ നയിച്ചത്.

2006 ല്‍ ഇന്ത്യക്കെതിരെയായിരുന്നു കുക്കിന്റെ അരങ്ങേറ്റം.

ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുക്ക് 36.40 റണ്‍സ് ശരാശരിയില്‍ 3,204 റണ്‍സ് നേടി. അതേസമയം, 2014നു ശേഷം ഏകദിനത്തില്‍ കളിച്ചിട്ടുമില്ല. നാലു ട്വന്റി20 മല്‍സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more