തനിയേ വീര്‍ക്കും ബലൂണ്‍
Discourse
തനിയേ വീര്‍ക്കും ബലൂണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2012, 9:39 pm


പ്യൂപ്പ/അലി


ഇന്ന് നമുക്ക് ഒരു പരീക്ഷണം ആയാലോ.. ശാസ്ത്രം എന്തു രസമാണല്ലേ. പ്രകൃതിയിലെ അത്ഭുതങ്ങളുടെ താക്കോലാണ് ശാസ്ത്രമെന്ന് പറയാം. എന്തെല്ലാം അത്ഭുതങ്ങളാണ് ഒരു മാന്ത്രികനെ പോലെ ശാസ്ത്രം നമുക്ക് കെട്ടഴിച്ചു കാണിച്ചുതരുന്നത്. ഏറ്റവും അവസാനമായി ചുവന്ന ഗ്രഹത്തിലേയ്ക്ക് വളരെ ആകാംക്ഷയോടെ “ആകാംക്ഷ” എന്ന ബഹിരാകാശ വാഹനത്തെയും ശാസ്ത്രലോകം എത്തിച്ചിരിക്കുന്നു. []

പരീക്ഷണം എപ്പോഴും രസകരമാണല്ലോ. പണ്ട് ഒരു ശാസ്ത്രജ്ഞനുണ്ടായിരുന്നു. വളരെ കുട്ടിക്കാലത്തു തന്നെ പ്രാഗത്ഭ്യം തെളിയിച്ച ഒരു ശാസ്ത്രജ്ഞന്‍. ദാരിദ്ര്യത്തിന്റെ വേദനയില്‍ നിന്നും പൊളിഞ്ഞ ട്രെയിന്‍ ബോഗിയെ പരീക്ഷണശാലയാക്കിയ ഒരു ബാലശാസ്ത്രജ്ഞന്‍. ആരാണെന്ന് കൂട്ടുകാര്‍ക്ക് ഓര്‍മയുണ്ടോ? അതെ, മെന്‍ലോ പാര്‍ക്കിലെ മാന്ത്രികനെന്ന് അറിയപ്പെടുന്ന തോമസ് ആള്‍വ എഡിസന്‍.

ഇനി നമുക്ക് പരീക്ഷണത്തിലേയ്ക്ക് വരാം. തനിയെ വീര്‍ക്കുന്ന ബലൂണിനെ പറ്റിയൊന്നു ചിന്തിച്ചു നോക്കൂ.. എന്തുരസമാണ്. ഞങ്ങള്‍ കുഞ്ഞുനാളുകളില്‍ എല്ലാരെയും വിസ്മയിപ്പിക്കാറുണ്ടായിരുന്ന ഈ പരീക്ഷണം വീണ്ടും യൂട്യൂബില്‍ കണ്ടപ്പോഴേ തീരുമാനിച്ചു ഇതാകട്ടെ ഇത്തവണത്തെ പ്യൂപ്പയില്‍ കൂട്ടുകാര്‍ക്കെന്ന്.

ഈ രസകരമായ പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ എളുപ്പം സംഘടിപ്പിക്കാവുന്നതാണ് കേട്ടോ. കുറച്ച് അപ്പക്കാരം, കാല്‍ കപ്പ് വിനാഗിരി, ഒരു ബലൂണ്‍, 2 ഫണല്‍സ്, കഴുത്തിടുങ്ങിയ ഒരു കുപ്പി. ഇത്രയുമായാല്‍ നമുക്ക് പരീക്ഷണം ആരംഭിക്കാം.

ആദ്യം ഒരു ഫണല്‍ ഉപയോഗിച്ച് കുപ്പിയിലേയ്ക്ക് വിനാഗിരി ഒഴിക്കുക. ഇനി ബലൂണില്‍ അപ്പക്കാരം നിറയ്ക്കലാണ് പണി. അതിന് മറ്റേ ഫണല്‍ ഉപയോഗിക്കാം കേട്ടോ.

അപ്പക്കാരം ബലൂണില്‍ നിറച്ച് കഴിഞ്ഞാല്‍ ബലൂണിനെ കുപ്പിയുടെ വായ്ത്തലയുമായി ബന്ധിപ്പിക്കുന്നതാണ് അടുത്ത ജോലി. ബലൂണിന്റെ വായ കുപ്പിയില്‍ പിടിച്ചിടുമ്പോള്‍ സൂക്ഷിക്കണേ. അപ്പക്കാരം കുപ്പിയിലേയക്ക് ഇപ്പോള്‍ വീഴണ്ട. അതിന് ബലുണിന്റെ മുകള്‍ ഭാഗം കുപ്പിയുടെ ഒരു വശത്തേയ്ക്ക് മടങ്ങിക്കിടക്കുന്നവിധം വേണം ബലൂണ്‍ ഘടിപ്പിക്കാന്‍. ബലൂണ്‍ വീര്‍പ്പിക്കല്‍ യന്ത്രം റെഡി.

ഇനി നമുക്ക് നമ്മുടെ യന്ത്രം പ്രവര്‍ത്തിപ്പിക്കണ്ടേ? അതിനായി ബലൂണിന്റെ മുകളറ്റം പിടിച്ച് ഉയര്‍ത്തി നോക്കൂ.. ബലൂണിലെ അപ്പക്കാരം കുപ്പിയിലേയ്ക്ക് വീഴുമ്പോള്‍ കാണാം രസം.

അതാ ബലൂണ്‍ വീര്‍ത്ത് വീര്‍ത്ത് വരുന്നു.. എന്തു രസം അല്ലേ..

എന്താണിതിന് കാരണം എന്ന് കൂടി പരിശോധിക്കാം. അപ്പക്കാരം വിനാഗിരിയില്‍ വീഴുന്നതോടുകൂടി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് രൂപം കൊള്ളുന്നു. ഇത് ബലൂണില്‍ നിറയുന്നു. ഇതാണ് ബലൂണിനെ വീര്‍പ്പിക്കുന്നത്.

കുറച്ചുകൂടി ശാസ്ത്രീയമയ വിശദീകരണമായാലോ? വാസ്തവത്തില്‍ വിനാഗിരിയെന്നത് അസറ്റിക്ക് ആസിഡ് ആണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ. അപ്പക്കാരമെന്നത് സോഡിയം ബൈ കാര്‍ബണേറ്റും. രണ്ടും കൂടി പ്രതിപ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? രണ്ട് രാസപ്രവര്‍ത്തനങ്ങള്‍ സംഭവിക്കും. ആദ്യം രണ്ടും കൂടി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബോണിക്ക് ആസിഡുണ്ടാകും. (നമ്മള്‍ കുടിക്കുന്ന സോഡാ വാട്ടര്‍ കാര്‍ബോണിക് ആസിഡാണ്. ആരും ഇനി സ്വയം സോഡാവെള്ളം ഉണ്ടാക്കി കുടിക്കരുതേ..) കാര്‍ബോണിക്ക് ആസിഡിന്റെ പ്രത്യേകത അത് സ്ഥരമായി നില്‍ക്കില്ല എന്നുള്ളതാണ്. വളരെ വേഗം തന്നെ അത് കാര്‍ബണ്‍ഡൈ ഓക്‌സൈഡും ജലവുമായി വേര്‍പിരിയും. ഈ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് പുറത്തുവരുന്നത്.

ഇഷ്ടമായോ നമ്മുടെ പരീക്ഷണം?


പ്യൂപ്പയിലെ മറ്റ് ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..