ന്യുദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അബ്ബാസ് സിദ്ദിഖിയുടെ ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കിയത് തെറ്റായെന്ന് സി.പി.ഐ.എം. തെരഞ്ഞടുപ്പ് കഴിഞ്ഞുള്ള കേന്ദ്രകമ്മറ്റി അവലോകനയോഗത്തിലാണ് ഐ.എസ്.എഫുമായുള്ള സഖ്യം തെറ്റായെന്നുള്ള വിലയിരുത്തല്‍ ഉണ്ടായത്.
കേരളം, തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് ആഗസ്റ്റ് 6 മുതല്‍ 8 വരെ നടന്ന കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തത്.
ബംഗാളില്‍ മമതയ്ക്കും ബി.ജെ.പിയ്ക്കും എതിരെ മൂന്നാം മുന്നണി രൂപീകരിച്ചാണ് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഞ്ജുക്ത മോര്‍ച്ച (സംയുക്ത മോര്‍ച്ച) എന്ന് പേരിട്ട മുന്നണിയില്‍ പുതുതായി രൂപീകരിച്ച അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന ഐ.എസ്.എഫിനേയും ഉള്‍പ്പെടുത്തിയിരുന്നു.
ബി.ജെ.പി വിരുദ്ധ-തൃണമൂല്‍ വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് മുന്നണി രൂപീകരണത്തിലൂടെ ലക്ഷ്യം വെച്ചിരുന്നത്, അതിന്റെ ഭാഗമായി പാര്‍ട്ടിക്ക് മറ്റുള്ളവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നടത്താമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍, കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും തമ്മിലുള്ള സീറ്റ് ക്രമീകരണങ്ങള്‍ ബദല്‍ ഗവണ്‍മെന്റിനായി ഐക്യമുന്നണി നടത്തിയ പ്രവചനമായി നിര്‍വചിക്കപ്പെട്ടു. ഇത് തെറ്റായെന്നും കേന്ദ്ര കമ്മറ്റിയില്‍ വിലയിരുത്തി.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലോ ഒരു സ്ഥിരമായ ഘടനയായി സഞ്ജുക്ത മോര്‍ച്ചയെ കാണാന്‍ സാധിക്കില്ലെന്നും, തൃണമൂല്‍ വിരുദ്ധ, ബി.ജെ.പി വിരുദ്ധ, മതേതര ശക്തികളുമായി ഒരു തെരഞ്ഞെടുപ്പില്‍ ധാരണ തുടരാമെന്നും കേന്ദ്രകമ്മറ്റി അഭിപ്രായപ്പെട്ടു.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം 138 സീറ്റുകളില്‍ മത്സരിക്കുകയും 4.73% വോട്ട് നേടുകയും ചെയ്തു. സഞ്ജുക്ത മോര്‍ച്ചയ്ക്ക് 9.9% വോട്ടുകളാണ് കിട്ടിയത്. ഇതില്‍ ഇടതുമുന്നണിക്ക് 5.6% വോട്ടും, കോണ്‍ഗ്രസിന് 2.3%വോട്ടും, ഐ.എസ്.എഫിന് 1.38% വോട്ടും ലഭിച്ചു.
2016നെ അപേക്ഷിച്ച് ഇടതുമുന്നണിയുടെ വോട്ട് വിഹിതം 21.5% കുറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 7.4% വോട്ട് നേടിയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 5.6% ആയി കുറയുന്ന കാഴ്ചയാണ് കണ്ടത്.
2008 മുതല്‍ പാര്‍ട്ടിയുടെ ബഹുജന അടിത്തറയില്‍ ഇടിവുണ്ടായെങ്കിലും ഇടതുമുന്നണി സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചുകളില്‍ പത്ത് ലക്ഷത്തോളം
ആളുകള്‍ അണിനിരന്നിരുന്നു. എന്നാല്‍ ഈ ആള്‍ക്കൂട്ടം വോട്ടായി മാറുന്നില്ലെന്നും കേന്ദ്ര കമ്മറ്റി നിരീക്ഷിച്ചു.
കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് വലിയ തോതിലുള്ള ക്ഷീണമാണ് ഉണ്ടായിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് ബംഗാള്‍ തെരഞ്ഞടുപ്പില്‍ ഒരു സീറ്റ് പോലും സി.പി.ഐ.എമ്മിന് ലഭിക്കാതിരിക്കുന്നത്.