|

അലിഗഢ്‌ സര്‍വകലാശാല ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് വി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

mallibrary
അലിഗഢ്‌: അലിഗഢ്‌ സര്‍വകലാശാല വി.സി നടത്തിയ  സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമാവുന്നു. സര്‍വകലാശാല ക്യാമ്പസ്  ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ കയറിയാല്‍ ആണ്‍കുട്ടികള്‍ ആകൃഷ്ടരാകുമെന്നാണ് വി.സി ലഫ്. ജന. സമീറുദ്ദീന്‍ ഷാ പറഞ്ഞത്. വി.സിയുടെ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനിടയായിരിക്കുകയാണ്. വളരെ ഇടുങ്ങിയ ലൈബ്രറിയാണ് സര്‍വകലാശാലക്കുള്ളതെന്നും ഇതില്‍ പെണ്‍കുട്ടികള്‍ കൂടെ കടന്നാല്‍ ആണ്‍കുട്ടികള്‍ നാല് മടങ്ങ് ആകൃഷ്ടരാകുമെന്നും കൂടാതെ ആണ്‍കുട്ടികള്‍ക്ക് ഇരിക്കാനുള്ള സ്ഥലം നഷ്ടമാവുമെന്നുമാണ് വി.സി പറഞ്ഞത്.

സര്‍വകലാശാലയിലെ പ്രശസ്തമായ മൗലാന ആസാദ് ലൈബ്രറിയിലാണ് വുമണ്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ആസാദ് ലൈബ്രറിക്ക് പകരം വുമണ്‍സ് കോളേജിലെ ശുഷ്‌കിച്ച ലൈബ്രറി ഉപയോഗിക്കാനാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല അധികൃതര്‍ നല്‍കിയ നിര്‍ദേശം. 1906ല്‍ സ്ഥാപിതമായ വുമണ്‍സ് കോളേജിലെ കുട്ടികള്‍ക്ക് ഒരിക്കല്‍ പോലും ലൈബ്രറി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. നേരത്തെ പെണ്‍കുട്ടികളോട് മാന്യമായി വസ്ത്രം ധരിക്കാനും അല്ലാത്ത പക്ഷം പിഴയടക്കാനും  ആവശ്യപെട്ട സര്‍വകലാശാല അധികൃതര്‍ വിവാദത്തില്‍ അകപെട്ടിരുന്നു.

വി.സി യുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശം സ്ത്രീ എന്ന നിലയില്‍ വേദാനാജനകമാണെന്നും ഇത് പെണ്‍മക്കളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നുമാണ് അവര്‍ പ്രതികരിച്ചത്.