ഇസ്‌ലാമിസ്റ്റ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കാനൊരുങ്ങി അലിഗഡ് മുസ്‌ലിം സര്‍വകലാശാല
national news
ഇസ്‌ലാമിസ്റ്റ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കാനൊരുങ്ങി അലിഗഡ് മുസ്‌ലിം സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 9:20 pm

ന്യൂദല്‍ഹി: ഇസ്‌ലാമിസ്റ്റ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി അലിഗഡ് മുസ്‌ലിം സര്‍വകലാശാല.
പാകിസ്ഥാന്‍ എഴുത്തുകാരനായ മൗലാന അബുല്‍ അലാ മൗദൂദിയുടെയും ഈജിപ്ഷ്യന്‍ പൗരനായ സയ്യിദ് ഖുതുബിന്റെയും പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യാനാണ് സര്‍വകലാശാലയുടെ തീരുമാനമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി.

ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിലബസിലാണ് ഈ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. മൗലാന അബുല്‍ അലാ മൗദൂദി, സയ്യിദ് ഖുതുബി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനും അക്കാദമിഷ്യനുമായ മധു കിശ്വറും മറ്റ് ചില അക്കാദമിക് വിദഗ്ധരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് തീരുമാനമെന്നും മുതിര്‍ന്ന എ.എം.യു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമിക പണ്ഡിതനായ മൗലാന മൗദൂദി തന്റെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ക്ക് പേരുകേട്ട ആളാണെന്നും പാഠ്യപദ്ധതിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നുവെന്നും ചില അക്കാദമിക് വിദഗ്ധര്‍ ആരോപിച്ചു.

എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും ഇസ്‌ലാമിസ്റ്റ് രചയിതാക്കള്‍ എഴുതിയ എല്ലാ പുസ്തകങ്ങളും നീക്കം ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചു, ഈ പുസ്തകങ്ങള്‍ വിവാദപരമായ ഒന്നും പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഉണ്ടായിരുന്നു,’ എ.എം.യു ഇസ്‌ലാമിക് സ്റ്റഡീസ് ഹെഡ് പ്രൊഫസര്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

Content Highlight: Aligarh muslim university to remove books by pakistani authors from their syllabus