ന്യൂദല്‍ഹി:രാജ്യത്ത് നിരന്തരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമണങ്ങള്‍ തടയുക, പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.
അതേസമയം കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ ഇന്ത്യഗേറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസസം പ്രതിഷേധം നടന്നിരുന്നു.രാഷ്ട്രീയ, മത വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ പ്രതിഷേധ പരിപാടിയിലേക്ക് ഒഴുകിയെത്തിയിരുന്നു. നിര്‍ഭയയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
“സൈലന്റ് മാര്‍ച്ച്” കോണ്‍ഗ്രസിന്റെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പ്രതിഷേധമാണെന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തെ സ്ത്രീകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണെന്നും സ്ത്രീകള്‍ സുരക്ഷിതരാണെന്ന ബോധം വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും ആഹ്വാനം അനുസരിച്ചല്ല ഇവിടെ എത്തിയതെന്നും സ്വന്തം മക്കളുടെ ഭാവിയെക്കരുതിയാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതെന്നും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ചിലര്‍ പ്രതികരിച്ചു. പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തി സമാധാന പരമായാണ് പ്രതിഷേധം നടന്നത്.
ഉന്നാവോ, കത്വവ പീഡനകേസുകളില്‍ പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്.? എന്തുകൊണ്ട് ബലാത്സംഗക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ ആവശ്യപ്പെട്ടു.