അലിഗഡ് മുസ്‌ലിം സര്‍വകലാശാല മെനുവില്‍ നിന്നും മാംസവിഭവങ്ങള്‍ അപ്രത്യക്ഷമായി; വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കഴിച്ചാല്‍ മതിയെന്ന് നിര്‍ദേശം
Daily News
അലിഗഡ് മുസ്‌ലിം സര്‍വകലാശാല മെനുവില്‍ നിന്നും മാംസവിഭവങ്ങള്‍ അപ്രത്യക്ഷമായി; വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കഴിച്ചാല്‍ മതിയെന്ന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2017, 2:56 pm

അലിഗഡ്: യു.പിയില്‍ അറവുശാലകള്‍ വ്യാപകമായി അടപ്പിക്കുകയും മാംസത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ഭക്ഷണമെനുവില്‍ നിന്നും മാംസവിഭവങ്ങളെ പുറത്താക്കി. എല്ലാ വിദ്യാര്‍ത്ഥികളും വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിലപാട്.


Dont Miss യു.പിയിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നിലിരുന്ന് ഭിക്ഷയാചിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്; യു.പിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക രോഗത്തെ കുറിച്ച് ബോധ്യമുണ്ട് 


കഴിഞ്ഞ ഒരാഴ്ചയായി തങ്ങള്‍ക്ക് ലഭിക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്‍പ് ആഴ്ചയില്‍ രണ്ട് ദിവസം നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം ഹോസ്റ്റലില്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

എന്നാല്‍ മാംസത്തിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലാണ് ഹോസ്റ്റല്‍ മെനുവില്‍ നിന്നും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് താത്ക്കാലികം മാത്രമാണെന്നും വിദ്യാര്‍ത്ഥികളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ പറയുന്നു. മാംസത്തിന്റെ വില കുത്തനെ കൂടിയതുകൊണ്ട് തന്നെ അല്പദിവസത്തേക്ക് അത് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതാണ്- പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഒമര്‍ പീര്‍സദ പറയുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ യു.പിയിലെ അറവുകാലകള്‍ വ്യാപകമായി ഒഴിപ്പിക്കുമ്പോള്‍ നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ശിവസേന പ്രവര്‍ത്തകര്‍ എല്ലാ നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകളും വില്‍പ്പന ശാലകളും നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണ്. ഇതിനിടെ യു.പിയില്‍ അറവുശാല കത്തിച്ച സംഭവത്തില്‍ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സര്‍ക്കാരിനെതിരെ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്.