വി.സിയെയും രജിസ്ട്രാറെയും പുറത്താക്കി അലിഗഢ് വിദ്യാര്‍ഥികളും അധ്യാപകരും; ഉടന്‍ താമസസ്ഥലം ഒഴിയണം, അല്ലെങ്കില്‍ ബഹിഷ്‌കരണമെന്ന് മുന്നറിയിപ്പ്
CAA Protest
വി.സിയെയും രജിസ്ട്രാറെയും പുറത്താക്കി അലിഗഢ് വിദ്യാര്‍ഥികളും അധ്യാപകരും; ഉടന്‍ താമസസ്ഥലം ഒഴിയണം, അല്ലെങ്കില്‍ ബഹിഷ്‌കരണമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2019, 1:35 pm

അലിഗഢ്: അലിഗഢ് മുസ്‌ലിം സര്‍വകലാശാലാ വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും തത്സ്ഥാനങ്ങളില്‍ നിന്നു തങ്ങള്‍ പുറത്താക്കുന്നതായി അറിയിച്ച് വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന കൂട്ടായ്മ. ജനുവരി അഞ്ചുവരെ ഔദ്യോഗിക താമസസ്ഥലം ഇരുവരും ഒഴിയണമെന്നും കൂട്ടായ്മ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

ഇതനുസരിക്കാത്ത പക്ഷം വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും സര്‍വകലാശാല അധികൃതരെ ബഹിഷ്‌കരിക്കുമെന്നും വി.സിയും രജിസ്ട്രാറും രാജിവെച്ച് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കാമ്പസില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ് വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂറിനും രജിസ്ട്രാര്‍ എസ്. അബ്ദുള്‍ ഹമീദിനും അയച്ചിട്ടുണ്ട്. ഇതുകൂടാതെ എ.എം.യു സ്റ്റുഡന്റ്‌സ് കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ വി.സിയെന്നും മുന്‍ രജിസ്ട്രാറെന്നുമാണ് ഇരുവരെയും കുറിപ്പിനൊടുവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ കയറി പൊലീസ് ആക്രമിച്ചത് ഏറെ വിവാദമായിരുന്നു. വി.സി തന്നെയാണ് പൊലീസിന് കാമ്പസിനുള്ളില്‍ കയറാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ ചരിത്രകാരനും അലിഗഢിലെ മുന്‍ അധ്യാപകനുമായ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തിയിരുന്നു.

‘പൊലീസ് പിടികൂടിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ അല്ലെന്നാണു പറയുന്നത്. വിദ്യാര്‍ഥികളല്ലാത്തവര്‍ക്കെന്താ അവകാശമില്ലേ? അവരെ പൊലീസിനു തല്ലിച്ചതയ്ക്കാമോ?,’ അദ്ദേഹം ചോദിച്ചു.

സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അടിച്ചമര്‍ത്തല്‍ ബ്രിട്ടീഷ് കാലത്തു പോലും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ വിളിച്ചുവരുത്തി സര്‍വകലാശാലാ അധികൃതരാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയതെന്നും അവര്‍ക്ക് ഇതില്‍ നിന്നും ഓടിമാറാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.