അലിഗഢ്: കര്‍ണാടകക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബിന് നിരോധനം. അലിഗഢ് ജില്ലയിലെ ഡി.എസ് കോളേജിലാണ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്.
മുഖം മറച്ചുകൊണ്ട് വിദ്യാര്‍ഥികളെ കോളേജ് ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ രാജ് കുമാര്‍ വര്‍മ പറഞ്ഞു. ക്യാമ്പസ് പരിസരത്ത് ഹിജാബും കാവി ഷാളും ധരിക്കാന്‍ അനുവാദമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോളേജിന്റെ ചുവരുകളില്‍ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരേ അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോളേജിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ക്കുകയും കോടതിയില്‍ വാദം തുടരുകയുമാണ്.
കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS: Aligarh: DS College Bans Entry Of Students Wearing Saffron Shawls & Hijabs Amid Protests