കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരു മുസ്‌ലിം കുടുംബത്തിന്റെ കഥ പറയുന്ന “ആലിഫ്”” തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലെനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. എന്‍.കെ മുഹമ്മദ് കോയ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.
മുസ്‌ലിം വിഭാഗത്തിലെ പുരിഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഒരു വിവാഹമോചിതയ്ക്കും അവരുടെ കുടുംബത്തിനും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ഭൂമി പണയം വെയ്ക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ മാത്രം ഭാര്യ ഉപേക്ഷിച്ചയാളാണ് ഫാത്തിമയുടെ ഭര്‍ത്താവ്.
ഇര്‍ഷാദാണ് ഫാത്തിമയുടെ ഭര്‍ത്താവായ അബുവിന്റെ വേഷത്തില്‍ എത്തുന്നത്. ഫാത്തിമയുടെ ഉപ്പയായി നെടുമുടി വേണുവും വേഷമിടുന്നു. വിശുദ്ധ ഖുര്‍ആന്‍ വളച്ചൊടിച്ചുള്ള ഒരു നേതാവിന്റെ പ്രഭാഷണത്തിനെതിരെ ഫാത്തിമ ശബ്ദമുയര്‍ത്തുന്നതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഇത് കാരണം ഫാത്തിമയുടെ കുട്ടികള്‍ക്ക് മദ്രസയില്‍ പ്രവേശനം പോലും നിഷേധിപ്പപ്പെടുന്നു. ഈ പ്രശ്‌നങ്ങള്‍ ഫാത്തിമ എങ്ങനെ നേരിടുന്നുവെന്നാണ് ചിത്രം പറയുന്നത്.
ഐ.എഫ്.എഫ് കെയില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചതിന് ശേഷമാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ലെന മികച്ച പ്രകടമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. കലാഭവന്‍ മണി, ജോയ് മാത്യു, താരാ കല്യണ്‍, സീനത്ത്, നാരായണന്‍ നായര്‍, വി.കെ. ഉണ്ണികൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ, ശാന്തകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.