ന്യൂദല്‍ഹി: കശ്മീരിന് പ്രത്യക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍.
തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ ആംനെസ്റ്റി അപലപിച്ചത്.
ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കശ്മീരിലെ പാര്‍ട്ടി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയും ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയേയും ആംനെസ്റ്റി വിമര്‍ശിച്ചു. കശ്മീരിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും സംഘടന വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് പ്രത്യേക സ്വയംഭരണാവകാശം ഉറപ്പുനല്‍കിയത് ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ജനാധിപത്യ ബന്ധം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ഒരു വ്യവസ്ഥയായിരുന്നെന്നും ആംനെസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നത് വഴി ഈ മേഖലയില്‍ സര്‍ക്കാരിനുള്ള അധികാരം വര്‍ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുള്ളൂവെന്നും ആംനെസ്റ്റി കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീര്‍ എന്തിനെല്ലാമാണ് സാക്ഷ്യം വഹിക്കുന്നത്… ഇതിനകം തന്നെ ജനങ്ങളെ ഭരണകൂടം മുള്‍മുനയിലെത്തിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ വേണ്ടി പ്രധാന രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുക വരെ ചെയ്തു. -ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മേധാവി ആക്കര്‍ പട്ടേല്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയേയും ആംനെസ്റ്റി വിമര്‍ശിച്ചു.
ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു.
കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.