കുഴിയിലേക്ക് എടുക്കാനായിട്ടും ആലീസിന് സംശയമാണ്: ഭാര്യയെ കുറിച്ച് ഇന്നസെന്റ്
Film News
കുഴിയിലേക്ക് എടുക്കാനായിട്ടും ആലീസിന് സംശയമാണ്: ഭാര്യയെ കുറിച്ച് ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th February 2022, 8:06 pm

മലയാള സിനിമയില്‍ പകരക്കാരനില്ലാത്തൊരു താരമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളുമായി ഒട്ടനവധി ചിത്രങ്ങളാണ് താരം ഇതിനോടകം തന്നെ ചെയ്തിരിക്കുന്നത്.

നെല്ല് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ഇന്നസെന്റ് തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്.

പിന്നീട് അവിടുന്നിങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇന്നസെന്റിന് കഴിഞ്ഞു. സിനിമക്കൊപ്പം രാഷ്ട്രീയത്തേയും കൊണ്ടുപോകാന്‍ താരത്തിനായിട്ടുണ്ട. താരത്തിന്റെ എല്ലാ വിശേഷങ്ങള്‍ക്കൊപ്പവും കുടുംബത്തോടൊപ്പം എന്നും ആരാധകര്‍ക്കും ഒരു സ്ഥാനമുണ്ട്.

തന്റെ ഇന്റര്‍വ്യൂകളില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്നസെന്റ് പറയുന്നൊരു പേരാണ് ഭാര്യ ആലീസിന്റേത്. അതുകൊണ്ട് തന്നെ ആരാധകര്‍ക്കെല്ലാം തന്നെ സുപരിചിതയാണ് ആലീസ്.

പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്നസെന്റ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ ആലീസിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രണയത്തെ കുറിച്ചും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ആലീസ് പറഞ്ഞത് ഇങ്ങനെയാണ്. ”പണ്ടത്തെ വിവാഹ ജീവിതവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇന്നത്തെ കാലത്ത് ഒരുപാട് വിവാഹമോചനങ്ങള്‍ ഉണ്ടാകുന്നുണ്ട്. അറേഞ്ച് മാരേജിനേക്കാള്‍ നല്ലത് ലവ് മാരേജാണ്. കുറച്ച് കൂടി പരസ്പരം മനസിലാക്കി ജീവിക്കാന്‍ സാധിക്കും,” അവര്‍ പറഞ്ഞു.

ആലീസ് പറഞ്ഞ് നിര്‍ത്തിയതും ഇന്നസെന്റിന്റെ കമന്റെത്തി. പരസ്പരം മനസിലാക്കിയിരുന്നുവെങ്കില്‍ താന്‍ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു ചിരിച്ചുകൊണ്ട് ഇന്നസെന്റിന്റെ മറുപടി.

അങ്ങനെ മനസിലാക്കിയിരുന്നുവെങ്കില്‍ നേരത്തെ വേണ്ടായെന്ന് വെക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇടക്കൊക്കെ ആലീസിന് സംശയം വരാറുണണ്ടെന്നും ഇന്നസെന്റ് പറയുന്നു.

”ചില സിനിമയിലെ സീനുകള്‍ കണ്ട് കഴിയുമ്പോള്‍ ആലീസ് ചോദിക്കും നിങ്ങള്‍ വീട്ടില്‍ എന്റെയടുത്ത് പറയുന്ന ഡയലോഗുകളാണല്ലോ സിനിമയില്‍ കെ.പി.എ.സി ലളിതക്കൊപ്പമോ സുകുമാരിക്കൊപ്പമോ ഒക്കെ അഭിനയിക്കുമ്പോള്‍ പറയുന്നത്,” ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ നിങ്ങള്‍ എന്താണ് യഥാര്‍ഥത്തില്‍ സിനിമയിലാണോ നിങ്ങള്‍ അഭിനയിക്കുന്നത്, ജീവിതത്തിലാണോ. കുഴിയിലേക്ക് എടുക്കാനായിട്ടും ആലീസിന് സംശയങ്ങളാണെ്‌ന് ഇന്നസെന്റ് തമാശരൂപേണ പറഞ്ഞു.

1970കളിലാണ് ഇന്നസെന്റ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ മോഹന്‍ മുഖേനയാണ് പിന്നീട് വീണ്ടും ഇന്നസെന്റ് സിനിമാമേഖലയിലേക്ക് എത്തിപ്പെടുന്നത്.

1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ മുഴുനീള ചിത്രം. ആദ്യകാലത്ത് ഏതാനും സമാന്തര ചലച്ചിത്രങ്ങളുടെ നിര്‍മാതാവായും ഇന്നസെന്റ് പ്രവര്‍ത്തിച്ചിരുന്നു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനിയാണ് ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നസെന്റ് നിര്‍മിച്ചിരുന്നു.


Content Highlights: Alice still have doubt about me; Innocent about his wife