| Monday, 13th December 2021, 10:07 pm

മാനേജര്‍ക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ജീവനക്കാരിയെ പിരിച്ചുവിട്ട് ആലിബാബ ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച സ്ത്രീ തൊഴിലാളിയെ പിരിച്ചുവിട്ട് ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ ഗ്രൂപ്പ്.

മാനേജര്‍ക്കെതിരെ ലൈംഗികാരോപണമുയര്‍ന്ന് മാസങ്ങള്‍ക്കമാണ് ആരോപണമുയര്‍ത്തിയ തൊഴിലാളിയെ പിരിച്ച് വിട്ടിരിക്കുന്നത്. സൗ എന്ന ജീവനക്കാരിയെയാണ് കമ്പനി പിരിച്ചുവിട്ടത്.

സീനിയര്‍ മാനേജര്‍ പീഡിപ്പിച്ചു എന്ന് തെറ്റായ വിവരം നല്‍കി എന്ന് ആരോപിച്ചാണ് തന്നെ പുറത്താക്കിയതെന്ന് സൗ പ്രതികരിച്ചു.

ഓഗസ്റ്റിലായിരുന്നു സൗ മാനേജര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നവംബര്‍ 25ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയായിരുന്നു.

ജോലിയുടെ ഭാഗമായി നടത്തിയ ഒരു യാത്രയ്ക്കിടെ മദ്യപിച്ച മാനേജര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു സൗ പരാതി പറഞ്ഞത്. ഇതിന് പിന്നാലെ ചൈനയിലെ ടെക് കമ്പനികളിലെ സ്ത്രീ സൗഹൃദമല്ലാത്തതും വിവേചനപരവുമായ ജോലി സാഹചര്യങ്ങളെക്കുറിച്ചും ജോലി സമയങ്ങളിലെ മദ്യപാനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.

തുടര്‍ന്ന് മാനേജര്‍ വാങിനെ കമ്പനി പിരിച്ചു വിട്ടിരുന്നു.

അതേസമയം ആരോപണം സംബന്ധിച്ച വിവരങ്ങള്‍ ചോരാതിരിക്കാന്‍ കമ്പനി സ്വീകരിച്ച നിലപാടുകളും ഏറെ വിവാദമായിരുന്നു. ലൈംഗികാരോപണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട 10 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയിരുന്നു.

സൗവിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതും ഇപ്പോള്‍ ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘ഫീമെയില്‍ ആലിബാബ എംപ്ലോയീ ഫയേര്‍ഡ്’ എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങായിരിക്കുകയാണ്.

ജാക്ക് മാ ആണ് ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയ്‌ക്കെതിരേയും രണ്ട് വനിതാ തൊഴിലാളികള്‍ ഈയിടെ ലൈംഗികാരോപണമുയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Alibaba group fired female employee who accused manager of sexual assault

Latest Stories

We use cookies to give you the best possible experience. Learn more