ഹോങ്കോങ്: ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെയും സഹോദരസ്ഥാപനമായ ആന്റിന്റേയും സ്ഥാപകന്‍ ജാക്ക് മാ ഹോങ്കോങ്ങിലുള്ളതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ ജാക്ക് മാ ബിസിനസ് അസോസിയേറ്റ്‌സുമായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുമുട്ടിയെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2020 ഒക്ടോബറില്‍ പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷനായ ശേഷം ആദ്യമായാണ് സാമ്പത്തിക നഗരമായ ഹോങ്കോങ്ങില്‍ മാ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വ്യവസായ-സാമ്പത്തിക രംഗത്ത് ചൈനീസ് ഭരണകൂടവും രാജ്യത്തെ വിവിധ റെഗുലേറ്ററി ബോര്‍ഡുകളും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഷാങ്ഹായ്‌യില്‍ ജാക്ക് മാ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംസാരിച്ചിരുന്നു.
ഇതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ മായ്‌ക്കെതിരെ തിരിഞ്ഞു. ബിസിനസ് രംഗത്ത് ആലിബാബ കമ്പനി കുത്തക സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ ചൈനീസ് സര്‍ക്കാര്‍ കമ്പനിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആലിബാബയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.