| Sunday, 29th July 2018, 1:00 pm

പാകിസ്താന്‍ ഭരണകൂടത്തില്‍ ഇനിയൊരു കമ്മ്യൂണിസ്റ്റ് ശബ്ദം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്താന്‍ പാര്‍ലമെന്റിലേക്ക് കമ്മ്യൂണിസ്റ്റ് പ്രതിനിധിയും. “ദ സ്ട്രഗ്ള്‍” പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ അലി വസീറാണ് എന്‍.എ 50 മണ്ഡലത്തില്‍ നിന്ന് ദേശീയ അസംബ്ലിയിലെത്തുന്നത്. രാജ്യത്തെ ഗോത്രമേഖലയില്‍പ്പെട്ട മണ്ഡലമാണ് എന്‍.എ 50. ഫസലുറഹ്മാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് സഖ്യമായ “മുത്തഹിദ മജ്‌ലിസെ അമല്‍” സ്ഥാനാര്‍ത്ഥിയെ 16,015 ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് അലി വസീറിന്റെ പാര്‍ലമെന്റ് പ്രവേശനം.

ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന പാകിസ്താനിലെ വിശാല ഇടതുസഖ്യത്തിന്റെ ഭാഗമായിരുന്നു “ദ സ്ട്രഗ്ള്‍” ഉം. അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടി, പാകിസ്താന്‍ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി, ബ്രാബ്രി പാര്‍ട്ടി പാകിസ്താന്‍, പാകിസ്താന്‍ ട്രേഡ് യൂണിയന്‍ ഡിഫന്‍സ് ക്യാംപയിന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് സോളിഡാരിറ്റി ഫോറം, അന്ജുമാനെ മുജരീന്‍ പഞ്ചാബ്, പാകിസ്താന്‍ കിസാന്‍ റാബിതാ കമ്മിറ്റി, പ്രോഗസീവ് സ്റ്റുഡന്റ് കളക്ടീവ്, റെവല്യൂഷണറി സ്റ്റുഡന്റ്‌സ് ഫ്രണ്ട്, അന്‍ജുമാനെ തരാഖി പസന്ദ് മുസന്‍ഫീന്‍, പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്, റെയില്‍വേ മെഹനത്കഷ് യൂണിയന്‍, പ്രോഗ്രസീവ് ലേബര്‍ ഫെഡറേഷന്‍. എന്നീ സംഘടനകളെല്ലാം ചേര്‍ന്നതായിരുന്നു “ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ട്” എന്ന ഇടതുസഖ്യം.

തെരഞ്ഞെടുപ്പിന് മുമ്പ് ഇമ്രാന്‍ ഖാന്‍ നേരിട്ട് വിളിച്ച് അലിക്ക് പി.ടി.ഐ സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹമത് മാന്യമായി നിരസിക്കുകകയായിരുന്നു. അലിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് അന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പാകിസ്താനിലെ ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പഷ്തൂണ്‍ തഹഫാസ് മൂവ്‌മെന്റ് (പി.ടി.എം) ന്റെ പ്രധാന നേതാക്കളിലൊരാളാണ് അലി വസീര്‍. ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ വര്‍ഷം പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം വസീറിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. “വാര്‍ ഓണ്‍ ടെററിന്റെ” പേരില്‍ “കാണാതായവരെ” വിട്ടയക്കണമെന്നും കുറ്റക്കാരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്നും പ്രക്ഷോഭം ആവശ്യപ്പെട്ടിരുന്നു.

അലി വസീര്‍, മുഹ്‌സിന്‍ ജാവേദ്

തെരഞ്ഞെടുപ്പില്‍ പി.ടി.എംന്റെ മുഹ്‌സിന്‍ ജാവേദ് ഡോവര്‍ എന്ന പ്രതിനിധി കൂടെ ജയിച്ചിരുന്നു. അലി വസീറും മുഹ്‌സിന് ജാവേദിനും പിന്തുണ ലഭിച്ചത് മതമൗലിക വാദികള്‍ക്ക് മേധാവിത്വമുള്ള വസീറിസ്താന്‍ മേഖലയില്‍ നിന്നാണെന്നതാണ് പ്രത്യേകത.

ആരാണ് അലി വസീര്‍

വസീറിന്റെ പിതാവടക്കം കുടുംബത്തിലെ 16 പേര്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ്. അഹമ്മദ് വസീര്‍ ഗോത്രത്തലവനായിരുന്ന അലി വസീറിന്റെ പിതാവ് മേഖലയിലെ തീവ്രവാദ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ സര്‍ക്കാരിനെ അറിയിച്ചിരുന്നയാളാണ്. എന്നാല്‍ അദ്ദേഹത്തെ നിശബ്ദനാക്കുകയും തീവ്രവാദി സാന്നിധ്യത്തെ നിഷേധിക്കുകയുമാണ് പാകിസ്താന്‍ ചെയ്തിരുന്നത്.

2003ല്‍ അലി വസീറിന്റെ സഹോദരനാണ് ആദ്യമായി കൊല്ലപ്പെടുന്നത്. വടക്കന്‍ വസീറിസ്താനിലെ താലിബാന്റെ വളര്‍ച്ചയെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം.

കിരാതമായ എഫ്.സി.ആര്‍ ( Frontier Crimes Regulations ) നിയമത്തിനെതിരെ പേരില്‍ അലി ജയിലിലടയ്ക്കപ്പെട്ട സമയത്ത് 2005 ലാണ് പിതാവും അമ്മാവനും മറ്റു ബന്ധുക്കളും ഒറ്റ ആക്രണത്തില്‍ കൊല്ലപ്പെടുന്നത്.

പിന്നീട് ശിക്ഷിക്കപ്പെടുകയോ വിചാരണ ചെയപ്പെടുകയോ ചെയ്തിരുന്നില്ലെങ്കിലും ജയിലിലായിരുന്ന അലിയെ പിതാവിന്റയും ബന്ധുക്കളുടെയും അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഒരാള്‍ ചെയ്ത കുറ്റത്തിന് ഒരു മേഖലയെയോ സമുദായത്തേയോ ഒന്നടങ്കം പ്രതികളാക്കുന്ന നിയമമായിരുന്നു എഫ്.സി.ആര്‍.

2008ലും 2013ലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അലി വസീര്‍ മത്സരിച്ചിരുന്നു. 2013ല്‍ 300 വോട്ടുകള്‍ക്കാണ് അലി പരാജയപ്പെട്ടത്. ആളുകളെ തോക്കുചൂണ്ടിയും പിന്തുണച്ചവരെ ആക്രമിച്ചും താലിബാന്‍ അലി വസീറിനെ തോല്‍പ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more