| Tuesday, 5th October 2021, 7:36 pm

സംഘപരിവാറിനോട് ഒരു മമതയുമില്ല; ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് അലി മണിക്ഫാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘കേസരി’ വാരികയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് സമുദ്ര ഗവേഷകനും പത്മശ്രീ ജേതാവുമായ അലി മണിക്ഫാന്‍.

കേസരി വാരികയുടെ അക്ഷരരഥയാത്രയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ രാഷ്ട്രീയതാല്‍പര്യങ്ങളൊന്നും മനസിലാക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയില്ലെന്നും മണിക്ഫാന്‍ കൂട്ടിച്ചേര്‍ത്തു.

‘ലൈബ്രറി ഉദ്ഘാടനമോ മറ്റോ ആകുമെന്നാണ് വിചാരിച്ചത്. പൊതുവില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികളില്‍ കക്ഷിവ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എന്റെ രീതി. ഇതും അങ്ങനെയേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ,’ അലി മണിക്ഫാന്‍ പറഞ്ഞു.

പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് വിളക്ക് തന്റെ കൈയില്‍ തന്നപ്പോള്‍ മറുത്ത് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മാനസികമായും സാഹചര്യവശാലും ഞാനൊരു സമ്മര്‍ദത്തില്‍ അകപ്പെട്ടുപോയി, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മത-സമുദായ സൗഹാര്‍ദത്തെ തകര്‍ക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ തള്ളിക്കളയാനും വംശവെറിയെയും അക്രമങ്ങളെയും ചെറുക്കാനും എല്ലാവരും രംഗത്തുവരേണ്ടതുണ്ട്.

സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തോട് തനിക്ക് യാതൊരുവിധ മമതയോ മൃദുസമീപനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച അക്ഷര രഥയാത്ര കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെത്തിയത്. പന്തീരാങ്കാവില്‍ നടന്ന ചടങ്ങിലാണ് സംഘാടകരുടെ നിര്‍ദേശപ്രകാരം ആരതി ഉഴിഞ്ഞ് അലി മണിക്ഫാന്‍ രഥയാത്രയെ സ്വീകരിച്ചത്.

അലി മണിക്ഫാന്റെ മുഴുവന്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ ക്ഷമ ചോദിക്കുന്നു, വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയണം: അലി മണിക്ഫാന്‍

കേസരി വാരികയുടെ അക്ഷരരഥയാത്രക്ക് കോഴിക്കോട് പന്തീരങ്കാവില്‍ നല്‍കിയ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. ഈ പരിപാടിയില്‍ പങ്കെടുത്ത് ഇത്തരമൊരു ചടങ്ങ് നിര്‍വഹിക്കേണ്ടി വന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇതില്‍ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുകയും എന്റെ അബദ്ധം ചൂണ്ടിക്കാണിച്ചവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഞാന്‍ അടിയുറച്ച ഇസ്‌ലാമിക വിശ്വാസിയും കറകളഞ്ഞ ഏകദൈവത്വം അംഗീകരിക്കുന്ന വ്യക്തിയുമാണ്. ബഹുദൈവത്വപരമായ യാതൊന്നും വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉണ്ടാകാന്‍ പാടില്ലെന്നു തന്നെയാണ് എന്റെ നിലപാട്. ഈ വിവാദ സംഭവത്തില്‍ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ഒരു ലൈബ്രറി ഉല്‍ഘാടനം എന്നോ മറ്റോ ആണ് ഞാന്‍ വിചാരിച്ചത്.

പൊതുവില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികളില്‍ കക്ഷി വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എന്റെ രീതി. ഇതും അങ്ങനെയേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ. അതിനപ്പുറം ഈ പരിപാടിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. പൊതുവില്‍ നിഷ്‌കളങ്കവും ശുദ്ധവും പോസിറ്റീവുമായി

മാത്രം വിഷയങ്ങളെ സമീപിക്കുന്ന ആളാണ് ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതാണല്ലോ. അതാണ് ഈ സംഭവത്തില്‍ എനിക്ക് വിനയായത്. വേദിയിലെത്തിയപ്പോഴാണ് എനിക്ക് പരിപാടി എന്താണെന്ന് മനസ്സിലായത്. അപ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു. സുഖമില്ലാതിരുന്നതിനാല്‍ ഭാര്യ കൂടെ ഉണ്ടായിരുന്നില്ല. സംഘാടകരുമായി ഫോണില്‍ സംസാരിച്ചതും ഞാനായിരുന്നു.

ഭാര്യയായിരുന്നെങ്കില്‍ എല്ലാം ചോദിച്ചറിയുമായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പെട്ടന്ന് വിളക്ക് എന്റെ കൈയില്‍ തന്നപ്പോള്‍ മറുത്ത് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മാനസികമായും സാഹചര്യവശാലും ഞാനൊരു സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടുപോയി. എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയാത്ത ഒരവസ്ഥയായിരുന്നു അത്.

എനിക്ക് മറുവശം പറഞ്ഞ് തന്ന് കൂടെ നില്‍ക്കാനും ആരുമുണ്ടായില്ല. സംഘാടകരോട് എതിര്‍പ്പ് പ്രകടിപ്പിച്ച് മാറി നില്‍ക്കാനും എനിക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

‘എല്ലാ മനുഷ്യരും തെറ്റ് സംഭവിക്കാവുന്ന വരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാതപിക്കുന്നവരാണെന്നും’ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ. Humanum est errare എന്ന് ഫ്രഞ്ച് ഭാഷയിലും ഒരു ചൊല്ലുണ്ട്. ആ വിവാദ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, അല്ലാഹുവാണ, എന്റെ മനസ്സില്‍ അണുമണി കളങ്കമോ, കാപട്യമോ, ഏകദൈവത്വത്തില്‍ പങ്കുചേര്‍ക്കലോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രത്യക്ഷ കര്‍മ്മത്തിന്റെ പേരില്‍ ഞാന്‍ പശ്ചാതപിക്കുകയും എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

മാത്രമല്ല, രാജ്യത്തിന്റെ മത-സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘ് പരിവാറിനെ തള്ളിക്കളയാനും വംശവെറിയേയും അക്രമങ്ങളെയും ചെറുക്കാനും നാം എല്ലാവരും രംഗത്തുവരികയും ചെയ്യേണ്ടതുണ്ട്.

സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തോട് എനിക്ക് യാതൊരു വിധ മമതയോ, മൃദുസമീപനമോ ഇല്ല. മഹാത്മാഗാന്ധി, അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച സ്വപ്നങ്ങളും സൗഹാര്‍ദ്ദങ്ങളും സമാധാനവും സംരക്ഷിക്കാനും, പീഢിത ന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കാനും നമുക്ക് ബാധ്യതയുണ്ട്. നന്മകളില്‍ ഒരുമിച്ച് നിന്ന് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ali Manikfan on RSS Kesari Programme

We use cookies to give you the best possible experience. Learn more