| Friday, 19th October 2012, 6:19 am

അലി മണിക്ഫാന്‍ കടലിലും കരയിലും കാട്ടിയകരവിരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തെ സാഹസികതയില്‍ കൂട്ടിക്കെട്ടി കരയിലും കടലിലും കരവിരുതുകാട്ടി അറിവിന്റെ കലയൊരുക്കിയ വ്യക്തിയാണ് മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍. ഒരു മനുഷ്യന്റെ ജീവിതത്തെ കാഴ്ചകളുടെ അകമ്പടിയില്‍ ചിത്രീകരിക്കുക എന്ന മറ്റൊരു സാഹസികതയുമായാണ് മണിക്ഫാനെ കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി. യു.ഷൈജു എഴുതുന്നു


ഡോക്യുമെന്ററി റിവ്യൂ / യു.ഷൈജു


എന്തിനേയും ഏതിനേയും കുറിച്ച് അറിയുക എന്നതിനപ്പുറം താത്പര്യമുള്ള കാര്യങ്ങളില്‍ സമാന്യ അറിവ് മാത്രം നേടാന്‍ ശ്രമിക്കുകയാവും നല്ലത്. അതിന് ദാഹം കൂടിയാല്‍ അവഗാഹമായ അറിവ് നേടലാകും ഉണ്ടാവുക. ഇതിനായി ത്യാഗം ചെയ്ത് സാഹസികത ചേര്‍ത്തുവെച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതിനും എത്താന്‍ കഴിയും. ജീവിതത്തെ സാഹസികതയില്‍ കൂട്ടിക്കെട്ടി കരയിലും കടലിലും കരവിരുതുകാട്ടി അറിവിന്റെ കലയൊരുക്കിയ വ്യക്തിയാണ് മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍.[]

ഒരു മനുഷ്യന്റെ ജീവിതത്തെ കാഴ്ചകളുടെ അകമ്പടിയില്‍ ചിത്രീകരിക്കുക എന്ന മറ്റൊരു സാഹസികതയുമായാണ് മണിക്ഫാനെ കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ “കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍ അലി മണിക്ഫാന്റെ ജീവിതത്തിലൂടെ ഒരു അന്വേഷണയാത്ര” എന്ന ഡോക്യുമെന്ററി. ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കോര്‍ത്തെടുക്കുമ്പോള്‍ എന്തെങ്കിലും ഒന്ന് വിട്ടുപോകുക വലിയ വീഴ്ചയാണ്. അത്തരമൊരു വീഴ്ച സംഭവിക്കാതെ കാഴ്ചക്കാരനെ ഇരുത്തിക്കാണിക്കുന്ന ചട്ടകളിലാണ് സംവിധായകന്‍ മാജിദ് അഴീക്കോട് ചിത്രമൊരുക്കിയിരുക്കിയിരിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ ഔദ്യോഗികമായി നേടിയപ്പോള്‍ ആകാശവും അതിന് താഴെയുള്ള വിശാല ലോകവും പാഠശാലയാക്കി. അതോടെ കണ്ടെത്തലിന്റെ പുതിയ ഇടമൊരുക്കുകയായിരുന്നു മണിക്ഫാന്‍. പ്രായം എഴുപത്തിയഞ്ചോടടുക്കുന്ന മനുഷ്യന്റെ കണ്ടെത്തലിന്റെ ജീവിത യാത്രയെ അതേ പടി പകര്‍ത്തിയെടുത്താണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

ഒരാള്‍ ഒരുപാട് മേഖലകളെ കുറിച്ച് പഠിക്കുകയും പറയുകയും എഴുതുകയും ചെയ്യും. ഇവിടെ മണിക്ഫാന്‍ ഒരു എളുപ്പത്തിലെ കൂടുതല്‍ മേഖലയില്‍ എത്തിക്കുകയാണ് ചെയ്തത്. വ്യത്യസ്തവും സങ്കീര്‍ണവുമായ വിഷയങ്ങള്‍ തെരഞ്ഞെടുത്തതുകൊണ്ട് അതിലും അത്ഭുതം കാട്ടി.

ഭൂമി കണ്ടാല്‍ അതിനെ പച്ചപ്പിലാക്കി കാര്‍ഷിക സമൃദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന ഒരു നല്ല കൃഷിക്കാരന്‍, കടലിന്റെ സൗന്ദര്യത്തെ നുകരുക എന്നതിന് പകരം അതിന്റെ ആഴവും അതിലെ സാധ്യതകളും തിരയുക, മനുഷ്യന്റെ താമസസ്ഥലങ്ങളെ കുറിച്ച് പ്രകൃതിദത്തമായ കാഴ്ചപ്പാടിലൂടെ സ്വന്തം ഇടത്തെ പണിക്കെടുത്ത് പരീക്ഷണത്തിന്റെ ശിലയൊരുക്കുക, പരമ്പരാഗത രീതികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടര്‍ത്തിമാറ്റി ഗവേഷണ  സാധ്യതകളേയും വ്യത്യസ്ത ഭാഷാ പഠനങ്ങളേയും പരിചയിക്കുന്ന സര്‍ഗാത്മകമായ ഒരു സിലബസ് രീതി, ചന്ദ്രസഞ്ചാരത്തിന്റെ ദിശയറിഞ്ഞ് ദിവസവും മാസവും അടയാളപ്പെടുത്തി ലോകത്തെ പഠിപ്പിക്കുന്ന അധ്യാപകന്‍, ഇങ്ങനെ മനസ് ആഗ്രഹിക്കുന്ന പഠനങ്ങളെ ഏറെ വേഗത്തില്‍ സാധ്യമാക്കുക മണിക്ഫാന്റെ രീതിയാണ്. ഇത്തരം രീതികളിലൂടെ മണിക്ഫാന്റെ കൂടെയുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്ററി.

കടല്‍ എന്ന വിശാലതയെ പ്രണയിച്ചപ്പോള്‍ അതിലെ ആഴമളന്ന് കരയിലെത്തി. കര കണ്ടതോടെ ആകാശത്തേക്ക് സഞ്ചരിച്ചു. മനുഷ്യന്റെ ജിഞ്ജാസയാണ് മികച്ച വിദ്യാഭ്യാസമെന്ന് അദ്ദേഹം ഇന്നും കാട്ടിത്തരികയാണ്. ഇതോടെ തന്റെ പ്രണയിനിയായി പ്രപഞ്ചം തന്നെ മാറി. മിനിക്കോയി ദ്വീപിലെ മെറ്ററോളജി (Meterology) വകുപ്പില്‍ ബാലൂണ്‍ ഫ്‌ളൈറ്റ് അസിസ്റ്റന്റിന്റെ താത്ക്കാലിക പണി കിട്ടിയതോടെ നിരീക്ഷണ പഴുതുകള്‍ ഓരോന്നും തുറന്ന് വെച്ചു.

പിന്നീടങ്ങോട്ട് മണ്ണ് മുതല്‍ ഊര്‍ജ്ജത്തിന്റെ പ്രസരണ വികിരണ സാധ്യതകളടക്കം തന്റെ സര്‍വകലാശാലാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഈ സര്‍വകലാശാലയുടെ എല്ലാ വകുപ്പുകളിലേക്കും ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് ജലീല്‍ ബാദ്ഷ (Jaleel Badsha) തന്റെ ദൗത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. ചെറിയ സൈക്കിള്‍ മുതല്‍ കപ്പലില്‍ വരെ സഞ്ചരിച്ചും സഞ്ചരിപ്പിച്ചും ക്യാമറയുടെ ഫ്രെയിം കൃത്യമാക്കി. കേരളം, തമിഴ്‌നാട്, ദല്‍ഹി, ലക്ഷദ്വീപ് തുടങ്ങി വിവിധ ദേശങ്ങളിലൂടെ കടന്ന് ചെന്ന ഗവേഷണ പ്രബദ്ധമാണ് ഈ ചിത്രം.

ഒരു മനുഷ്യന്റെ ജീവചരിത്രം രചിച്ചാല്‍ കൂടുതല്‍ കടന്ന് വന്നാലും കുറച്ച് കുറഞ്ഞ് പോയാലും അത് അബദ്ധമാണ്.  അത്രയ്ക്ക് സൂക്ഷ്മത വേണ്ടതാണ് ജീവിതമെഴുത്ത്. ഈ കണിശതയെ ഈ സിനിമ പാലിച്ചപ്പോള്‍ മികച്ച ഒരു സ്‌ക്രിപ്റ്റ് പിറന്നു. മണിക്ഫാന്‍ അണിയറക്കാരുടെ കൂടെ വന്നിറങ്ങിയപ്പോള്‍ സത്യസന്ധമായ 48 മിനുട്ട് ചിത്രം കാഴ്ചയ്ക്ക് മിനുക്കും ഇമ്പവും ഈണവും പകര്‍ന്ന് തന്നു. എം.നൗഷാദ് മലയാളത്തിലും, അഫ്ഷീന്‍ അലി ഇംഗ്ലീഷിലും കോറിയിട്ട വരികളെ യഥാക്രമം ടി.സി രമേശും ഒ.പി റാത്തോഡും രണ്ട് ഭാഷകളിലായി ശബ്ദനിര്‍വഹണം നടത്തി. യാസിര്‍ പാടൂരിന്റെ വരയുടെ അകമ്പടി കൂടി ചേര്‍ന്നപ്പോള്‍ ഡോക്യുമെന്ററിയുടെ പരമ്പരാഗത രീതികളെ മറിച്ചിട്ടു.

മുസ്‌ലിം ലോകം പലദിവസങ്ങളില്‍ നോമ്പും പെരുന്നാളും ആചരിക്കുന്ന രീതികള്‍ക്ക് തന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍- ക്കൊണ്ട് ഏകീകൃത സ്വഭാവം നല്‍കുന്ന കലണ്ടര്‍ അദ്ദേഹം സമര്‍പ്പിക്കുന്നു

ശാരീരിക ഭാഷയും വേഷവും കൊണ്ട് വ്യത്യസ്തനായ, മെലിഞ്ഞുണങ്ങിയ ഈ മനുഷ്യന്റെ സര്‍ഗാത്മകത അളക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ അളവ് കോല്‍ പരാജയപ്പെടും. ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ അനുഭവത്തെ അത്രവേഗം അളന്ന് കുറിക്കാന്‍ കഴിയില്ല. അത്രയ്ക്കുണ്ട് തലപ്പാവ് വെച്ച് അറബ് വേഷമായ അബായ ധരിച്ച് താടി വെച്ച ഈ പച്ച മനുഷ്യന്റെ പ്രതിഭ. സൗദി, ഒമാന്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എന്‍.യു പോലുള്ള നിരവധി കലാലയങ്ങളിലും തന്റെ പഠനഗവേഷണങ്ങളെ അടയാളപ്പെടുത്തുമ്പോഴും ജീവിതത്തിന്റെ “ജാഡ”കള്‍ ലളിതമാതൃക തന്നെ.

കാലത്തെ കുറിച്ച ഖുര്‍ ആന്റെ തത്വങ്ങളിലും ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളിലും സഞ്ചരിച്ച് മണിക്ഫാന്‍ കണ്ടെത്തിയ ഹിജ്‌റ കലണ്ടര്‍ മുസ്‌ലിംങ്ങള്‍ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിന് തന്നെ പുതുവഴി തുറന്ന് തരുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിനായി അമേരിക്ക മുതല്‍ അദ്ദേഹം സംവാദത്തിന്റെ പുതുലോകം തുറന്ന് വെച്ച് തന്റെ കണ്ടുപിടുത്തങ്ങളെ ഉയര്‍ത്തിവെയ്ക്കുന്നു. മുസ്‌ലിം ലോകം പലദിവസങ്ങളില്‍ നോമ്പും പെരുന്നാളും ആചരിക്കുന്ന രീതികള്‍ക്ക് തന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കൊണ്ട് ഏകീകൃത സ്വഭാവം നല്‍കുന്ന കലണ്ടര്‍ അദ്ദേഹം സമര്‍പ്പിക്കുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യത്തിനായി താന്‍ മുന്നോട്ട് തന്നെ പോകുമെന്ന് ഈ ഹ്രസ്വചിത്രത്തിലും അദ്ദേഹം ആവര്‍ത്തിക്കുന്നു.

ബഹുമുഖ തലങ്ങളെ കണ്ടെടുത്ത് കാട്ടിത്തന്ന ഒരു പ്രതിഭയെ അവതരിപ്പിക്കുമ്പോള്‍ ഓരോ മേഖലയിലും ശ്രദ്ധിക്കുന്നവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. അതിന് ഡോക്യുമെന്ററി പ്രത്യേകം ശ്രദ്ധിക്കുന്നു.

സമുദ്ര ശാസ്ത്രജ്ഞന്‍ ഡോ. സയ്യിദ് സഹുര്‍ ഖാസിം, എത്തിനോ ഹിസ്‌റ്റോറിയന്‍ ഡോ. ലോതിക വരദരാജന്‍, വാസ്തുശില്പ രംഗത്ത് നിന്ന് പദ്മശ്രീ ജി.ശങ്കര്‍, പ്രകൃതി നിരീക്ഷകന്‍ സി.റഹീം, മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ്, നിയമവിദഗ്ധന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍,ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് രംഗത്തെ ഹാനി മുസ്തഫ, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ട്  ശാസ്ത്രജ്ഞന്‍ ഡോ. അബൂബക്കര്‍ തുടങ്ങിയ വലിയ നിരതന്നെ അലിമണിക്ഫാനെ കുറിച്ച് മികച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ജീവിതത്തെ മുഴുവനായും തന്റെ ഇഷ്ടപ്പെട്ട മേഖലകള്‍ക്ക് സമര്‍പ്പിച്ച ഒരു മനുഷ്യനെ കുറിച്ചുള്ള ഈ ദൃശ്യവത്ക്കരണം ഏത് വിദ്യാര്‍ത്ഥിക്കും, ഗവേഷകനും എന്ന് വേണ്ട ആര്‍ക്കും പ്രചോദനവും പ്രേരണയും പകര്‍ന്ന് നല്‍കാന്‍ ഈ ഡോക്യുവര്‍ത്തമാനത്തിന് സാധിക്കും എന്നത് നേരാണ്. അത്രകണ്ട് ലളിതമായി കാര്യങ്ങളെ ആവിഷ്‌ക്കരിക്കാന്‍ ഇതിന്റെ അണിയറ ശില്‍പ്പികള്‍ ശ്രമിച്ചിരിക്കുന്നു.

എക്‌സ്പ്രസ് മീഡിയയും സജ്ദ മീഡിയയും ചേര്‍ന്ന് നിര്‍മിച്ച് ഷുവൈക്കര്‍ റമദന്‍ സഹസംവിധാനവും അഷ്‌കര്‍ കബീര്‍ കണ്‍സപ്റ്റും റിസര്‍ച്ചും നടത്തി അബ്ദുല്ല അന്‍സാരിയും അബ്ദുറഹ്മാന്‍ അന്‍സാരിയും ചേര്‍ന്ന് അനിമേഷനും ജയശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചാണ് ഏതാണ്ട് ഒരു വര്‍ഷമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

അറിവ് നിറഞ്ഞ കരയും കടലും കാട്ടിത്തന്ന ഈ ചിത്രം മികച്ച സാഹസികതയ്ക്കുള്ള സര്‍ഗാത്മക കൈയ്യൊപ്പാണ്.

ഫോണ്‍: 9496 330 739
Email: youshaiju@gmail.com

We use cookies to give you the best possible experience. Learn more