തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ ഒളിവിലായിരുന്ന ഇയാളെ ഇന്ന് രാവിലെയോടെ കേരളത്തിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അലിഭായിയെ കേരളത്തിലെത്തിച്ചത്. കൃത്യം നടന്നതിന് ശേഷം നേപ്പാള്‍ വഴി ഖത്തറിലേക്ക് കടന്ന ഇയാള്‍ ഇത്രയും നാള്‍ ഒളിവിലായിരുന്നു.
രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ഇന്നലെ രാവിലെ പിടിയിലായിരുന്നു. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്.
പ്രവാസി വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആറ്റിങ്ങല്‍ മടവൂരിനടുത്ത് രാജേഷിനെ ഒരു സംഘം വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം.