തിരുവനന്തപുരം: മഞ്ഞളാംകുഴി അലിയെ മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അലിയുടെയും അനൂപ് ജേക്കബിന്റെയും സത്യപ്രതിജ്ഞ ഒരുമിച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് അടിയന്തിര യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചാം മന്ത്രിയുടെ കാര്യം നേരത്തെ തന്നെ ലീഗ് യു.ഡി.എഫില്‍ ഉന്നയിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ ഫോര്‍മലായി ഇക്കാര്യം പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. അംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ലീഗിന് അഞ്ചില്‍ കൂടുതല്‍ മന്ത്രി സ്ഥാനം ആവശ്യപ്പെടാം. എന്നാല്‍ വിട്ടുവീഴ്ചയെന്നത് ലീഗ് നയമാണ്. മുന്നണിയില്‍ അലോസരമുണ്ടാക്കാന്‍ ലീഗ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ചാം മന്ത്രിയുടെ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
” യു.ഡി.എഫ് യോഗത്തില്‍ ഞങ്ങളിക്കാര്യം പറഞ്ഞു. എല്ലാവരും അതിനോട് യോജിക്കുകയായിരുന്നു. ആര്‍ക്കും എതിരഭിപ്രായമില്ല. ഘടക കക്ഷികള്‍ യോജിച്ചു. പിറവത്ത് ജയിച്ച് വന്ന സാഹചര്യത്തില്‍ ഇനി വൈകിക്കേണ്ടെന്നാണ് തീരുമാനമുണ്ടായത്. പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഫോര്‍മാലിറ്റിക്ക് വേണ്ടി ഹൈക്കമാന്റിന്റെ അനുമതി വാങ്ങണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടിക്രമങ്ങളുടെ ഭാഗമായുള്ളതാണ്. അതവര്‍ ചെയ്യട്ടെ”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായതാണെന്നും എന്നാല്‍ മാധ്യമങ്ങളില്‍ ഇനിയും തീരുമാനമാകാനുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ട് വന്നതെന്നും അതിനാലാണ് വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തത വരുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.