| Tuesday, 12th October 2021, 2:02 pm

ചിലരെ വേട്ടയാടിയതില്‍ വേദനയുണ്ട്, ഇനി പക്ഷമില്ല; ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് അലി അക്ബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമാ സംവിധായകന്‍ അലി അക്ബര്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. സംസ്ഥാന നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് രാജി.

ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

”ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിന് മനസ്സിലാവണമെന്നും അലി അക്ബര്‍ പറഞ്ഞു.

അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്‌ലിങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു. ഒരുപാട് പേരെ എനിക്കറിയാം. മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍. രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍. അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു. വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം, അത് സമാന്യയുക്തിയാണ്, ”അലി അക്ബര്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ കഴിഞ്ഞ ദിവസം ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും സംസ്‌പെന്‍ഡ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ് നേതാക്കള്‍ കാണുന്നതെന്നും പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചുവെന്നും നസീര്‍ ആരോപിച്ചിരുന്നു.. ഇതിന് പിന്നാലെയായിരുന്നു നസീറിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റെ് കെ. സുരേന്ദ്രന്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് അലി അക്ബറിന്റെ രാജിയും വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിന് മനസ്സിലാവണം.

അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്‌ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു. ഒരുപാട് പേരെ എനിക്കറിയാം.

മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍.രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍. അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു. വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്. പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല. അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം.

കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്. കൃഷ്ണന്‍ അര്‍ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്.

മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു. കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍. ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു. എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more