തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസനെതിരെ സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലി അക്ബര്‍.
കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം.
ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സെയെ കുറിച്ച് മിണ്ടിപ്പോവരുത്. അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്ന് പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി’ എന്നും അലി അക്ബര്‍ പറയുന്നുണ്ട്.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.
‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്നാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.