'എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..'; സിനിമ നിര്‍മ്മിക്കാനുള്ള കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പോയിട്ടുണ്ടെന്ന് അലി അക്ബര്‍
Malayalam Cinema
'എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..'; സിനിമ നിര്‍മ്മിക്കാനുള്ള കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പോയിട്ടുണ്ടെന്ന് അലി അക്ബര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th June 2020, 8:52 pm

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചും മലബാര്‍ കലാപത്തിനെ കുറിച്ചും താന്‍ എടുക്കുന്ന സിനിമക്കായി കാശ് അയച്ചവരില്‍ ചിലരുടെ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അലി അക്ബറിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയ പണം തിരികെ തരണമെന്നാണ് അലി അക്ബറിന്റെ ആവശ്യം.

സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വച്ച് ഒരു കാര്‍ഡ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ മറ്റുചിലര്‍ ഈ കാര്‍ഡിലെ അക്കൗണ്ട് നമ്പര്‍ മാറ്റുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

ഇത്തരത്തില്‍ കാശ് ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ടെന്നും കാശ് തിരികെ തരണമെന്നുമാണ് അലി അക്ബര്‍ ആവശ്യപ്പെട്ടത്.
‘പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് തരണം. ഈ ദിവസങ്ങളില്‍ അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം. ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് കൊടുത്തതാണോ എന്ന്. അത് എനിക്ക് തന്നതാണ് എന്നു പറയുന്നവരുടെ പണം എനിക്ക് തിരിച്ച് തരണം. ഇതൊരു അപേക്ഷയാണ്..’ എന്നായിരുന്നു അലി അക്ബറിന്റെ അഭ്യര്‍ത്ഥന.

നേരത്തെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനായി താന്‍ സിനിമ പിടിക്കുമെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്യണമെന്നും അലി അക്ബര്‍ ആഹ്വാനം ചെയ്തിരുന്നു. ‘1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും നിങ്ങള്‍ എന്തുമാറ്റി വയ്ക്കും. സ്വാഭിമാനികളോടാണ് ചോദ്യം’ അലി അക്ബറിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് ലൈവിലൂടെയും ഇതേ അവശ്യവുമായി അലി അക്ബര്‍ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൌണ്ട് നമ്പറും അലിഅക്ബറിന്റെ ഫോട്ടോയുമായി ചിലര്‍ രംഗത്ത് എത്തിയത്.

അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്ബറും പുതിയ സിനിമ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.