| Wednesday, 24th June 2020, 11:32 pm

വാരിയന്‍കുന്നത്തിന്റെ സിനിമയ്ക്കായി ഫേസ്ബുക്കില്‍ പിരിവ് തുടങ്ങി അലി അക്ബര്‍; ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറുമായി ട്രോളന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയ്ക്കായി ഫേസ്ബുക്കില്‍ പണപിരിവ് ആരംഭിച്ച് സംവിധായകന്‍ അലി അക്ബര്‍. തന്റെ അക്കൗണ്ട് നമ്പര്‍ സഹിതമുള്ള പോസ്റ്റാണ് അലി അക്ബര്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് സിനിമയ്ക്ക് വേണ്ടിയുള്ള പണം പിരിവാരണെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ല.

അതേസമയം നേരത്തെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനായി താന്‍ സിനിമ പിടിക്കുമെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്യണമെന്നും അലി അക്ബര്‍ ആഹ്വാനം ചെയ്തിരുന്നു. ‘1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും നിങ്ങള്‍ എന്തുമാറ്റി വയ്ക്കും. സ്വാഭിമാനികളോടാണ് ചോദ്യം’ അലി അക്ബറിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് ലൈവിലൂടെയും ഇതേ അവശ്യവുമായി അലി അക്ബര്‍ രംഗത്ത് എത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൌണ്ട് നമ്പറും അലിഅക്ബറിന്‍റെ ഫോട്ടോയുമായി ട്രോളന്മാരും രംഗത്ത് എത്തി.

അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്ബറും പുതിയ സിനിമ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് ചെയ്ത് പൃഥ്വിയുടെ അമ്മയെ അപമാനിക്കുന്ന കമന്റായിരുന്നു ഒരു ലക്ഷണത്തിനടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്ന അംബികാ ജെ.കെ നടത്തിയത്. ഈ നടപടിക്കെതിരെ വലിയ വിമര്‍ശനവും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more