Advertisement
Entertainment
പൃഥ്വിക്ക് വേണ്ടി ആ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ ഡേറ്റ് വരെ ഞാന്‍ മാറ്റിച്ചു: അലി അബ്ബാസ് സഫര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 03, 04:01 am
Wednesday, 3rd April 2024, 9:31 am

കഴിഞ്ഞ വര്‍ഷം തെലുങ്ക് ചിത്രം സലാറിലൂടെയും ഈ വര്‍ഷം ആദ്യം മലയാള സിനിമയായ ആടുജീവിതത്തിലൂടെയും ഇന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് പൃഥ്വിരാജ്. പ്രഭാസ് നായകനായ സലാറില്‍ നായകതുല്യ കഥാപാത്രമായ വരദരാജ മന്നാറിനെ അവതരിപ്പിച്ച് പൃഥ്വി കൈയടികള്‍ നേടിയിരുന്നു. ഒരു മലയാള താരത്തിന് തെലുങ്കില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു സലാറിലേത്.

ഈ വര്‍ഷമാദ്യം ആടുജീവിതം എന്ന സിനിമയിലൂടെയും പൃഥ്വി ഞെട്ടിച്ചു. ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്ത ചിത്രത്തില്‍ കഥാപാത്രത്തിനായി പൃഥ്വി 30 കിലോയോളം കുറച്ചത് വലിയ ചര്‍ച്ചയായിരുന്നു. നജീബ് എന്ന കഥാപാത്രമായി കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് പൃഥ്വി നടത്തിയത്.

അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ നായകരാകുന്ന ബഡേ മിയാന്‍ ചോട്ടേ മിയാനാണ് പൃഥ്വിയുടെ പുതിയ ചിത്രം. കബീര്‍ എന്ന വില്ലനായാണ് പൃഥ്വി ഈ സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രമാണ് ഏറ്റവും പവര്‍ഫുളെന്നും പൃഥ്വിയുടെ ഡേറ്റിനായി അക്ഷയ് കുമാറിന്റെയും ടൈഗറിന്റെയും ഡേറ്റ് മാറ്റിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.

‘ഈ സിനിമ ശരിക്കും മൂന്ന് ഹീറോസിന്റെ കഥയാണ്. പൃഥ്വി ഇതില്‍ ആന്റി ഹീറോയാണ്. സിനിമയുടെ കഥ എഴുതിയപ്പോള്‍ വില്ലനായിട്ട് ഒരു സൂപ്പര്‍താരത്തെ എനിക്ക് വേണമായിരുന്നു. അങ്ങനെയാണ് പൃഥ്വി ഇതിലേക്ക് എത്തുന്നത്. അക്ഷയ് സാറിനോട് ചോദിച്ചപ്പോള്‍ പൃഥ്വി മതിയെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിയോട് കഥ പറഞ്ഞപ്പോള്‍ അയാള്‍ക്കും കഥ ഇഷ്ടമായി. പക്ഷേ ഡേറ്റില്ലാത്തതുകൊണ്ട് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു മറുപടി.

വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറായില്ല, പൃഥ്വിയെ വിളിച്ചും മെസേജയച്ചും ചോദിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ട് തീര്‍ന്നിട്ട് ഈ സിനിമ ചെയ്യാമെന്ന് പൃഥ്വി സമ്മതിച്ചു. ഒടുവില്‍ പൃഥ്വിക്ക് വേണ്ടി അക്ഷയ് സാറിന്റെയും ടൈഗറിന്റെയും ഡേറ്റ് ഞാന്‍ മാറ്റിച്ചു,’ അലി അബ്ബാസ് പറഞ്ഞു.

Content Highlight: Ali Abbas Safar saying that he changed the date of Akshay Kumar for Prithviraj