അല്‍ഹൊസന്‍ ആപ്പിന്റെ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി രാജ്യത്തെ ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാനാകൂ. 2022 ജനുവരി മൂന്ന് മുതലായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.
യു.എ.ഇയുടെ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് ആണ് അല്‍ഹൊസന്‍. കൊവിഡുമായി ബന്ധപ്പെട്ട് രോഗികളുമായി കോണ്‍ടാക്ട് ഉള്ളവരെ കണ്ടെത്താനും ടെസ്റ്റുകള്‍ നടത്താനും വേണ്ടിയായിരുന്നു ആപ്പ് നിര്‍മിച്ചത്.
കൊവിഡിനെതിരായി രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കോ അല്ലെങ്കില്‍ വാക്‌സിനെടുക്കുന്നതില്‍ നിന്ന് ആരോഗ്യപരമായോ മറ്റ് കാരണങ്ങളാലോ ഒഴിവാക്കപ്പെട്ടവര്‍ക്കോ മാത്രമായിരിക്കും ആപ്പിന്റെ ഗ്രീന്‍ പാസ് ലഭിക്കുക.
മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്.
ആപ്പിന്റെ ഗ്രീന്‍ പാസ് കിട്ടിക്കഴിഞ്ഞാലും അത് നിലനില്‍ക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെങ്കില്‍ ഓരോ 14 ദിവസം കൂടുമ്പോഴും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യേണ്ടി വരും. വാക്‌സിനില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളുകള്‍ ഓരോ ഏഴ് ദിവസത്തിലും ടെസ്റ്റ് നടത്തേണ്ടി വരും.