|

സമരത്തില്‍ പങ്കെടുത്തതിന് 14കാരിക്കെതിരെ പ്രോസിക്യൂഷന്‍ കേസ്; ഒടുവില്‍ പിന്‍വലിച്ച് അള്‍ജീരിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അള്‍ജിയേഴ്‌സ്: പ്രൊ-ഡെമോക്രസി സമരപരിപാടിയില്‍ പങ്കെടുത്തതിന് 14കാരിയായ കൗമാരക്കാരിക്കെതിരെ എടുത്ത കേസ് പിന്‍വലിച്ച് അള്‍ജീരിയന്‍ പ്രോസിക്യൂഷന്‍.

ഹിരാക് സമരം എന്നറിയപ്പെടുന്ന സമരപരിപാടിയില്‍ പങ്കെടുത്തതിന് വിചാരണ നേരിടുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പ്രോസിക്യൂഷന്‍ കേസ് അവസാനിപ്പിച്ചതായി പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

”കേസെടുത്തത് തെറ്റായിപ്പോയെന്ന് പ്രോസിക്യൂഷന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ചുമത്തിയിരുന്ന കുറ്റങ്ങള്‍ പിന്‍വലിച്ചത്,” അഭിഭാഷകന്‍ അബ്ദെല്‍ഹലിം ഖെരെദ്ദൈന്‍ പറഞ്ഞു.

അള്‍ജീരിയയുടെ കിഴക്കന്‍ നഗരമായ അന്നബയിലെ കോടതിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഹാജരാവാന്‍ പെണ്‍കുട്ടിയോട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ കേസില്‍ കുറ്റം ചുമത്തപ്പെട്ട മറ്റ് 20 പേരോടൊപ്പം ഹാജരാവാനായിരുന്നു പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്.

‘നിരായുധമായ ആള്‍ക്കൂട്ടസമരത്തില്‍ പങ്കെടുത്തു’ എന്നതായിരുന്നു പെണ്‍കുട്ടിക്കെതിരെ ചുമത്തിയ കുറ്റം.

അള്‍ജീരിയയിലെ നിയമമനുസരിച്ച് ‘ക്രിമിനല്‍ റെസ്‌പോണ്‍സിബിലിറ്റി’ (ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കാവുന്ന മിനിമം പ്രായം) പ്രായം 18 വയസാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണ ജുവനൈല്‍ കോടതികളിലാണ് നടക്കാറ്.

അതിനാല്‍ ഈ പെണ്‍കുട്ടിക്കെതിരെ കേസെടുത്തത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി പേര്‍ പ്രോസിക്യൂഷന്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഹിരാക് സമരപരിപാടികളുടെ ഫലമായിട്ടായിരുന്നു 2019 അന്നത്തെ അള്‍ജീരിയന്‍ പ്രസിഡന്റായിരുന്ന അബ്ദെലസീസ് ബൗത്ഫ്‌ളിക സ്ഥാനത്ത് നിന്നുമൊഴിഞ്ഞത്.

സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിലവില്‍ രാജ്യത്ത് 300ഓളം പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ സമരത്തിനനുകൂലമായി പോസ്റ്റ് ചെയ്തു എന്ന കുറ്റത്തിനാണ് ഇതിലും പലരും ജയിലില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Algerian prosecutors dropped a case against 14-year-old girl who was facing trial in connection with Hirak protest movement

Latest Stories