അള്‍ജിയേഴ്‌സ്: ഇസ്രഈലിനെതിരെ രൂക്ഷവിമര്‍ശനവുമായി അള്‍ജീരിയ. ഗസയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും ഇസ്രഈല്‍ നേതൃത്വം നല്‍കുന്ന കൂട്ടക്കൊലയാണെന്നും അള്‍ജീരിയ പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍മദ്ജിദ് ടെബൗണ്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കവേയാണ് ടെബൗണിന്റെ പരാമര്‍ശം.
ഈജിപ്തും ഫലസ്തീനും തമ്മിലുള്ള അതിര്‍ത്തി തുറന്നാല്‍ ഗസയില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്നും ടെബൗണ്‍ പറഞ്ഞു. അതിര്‍ത്തി തുറന്നാല്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാം. സൈന്യം സജ്ജമാണ്. 20 ദിവസത്തിനുള്ളില്‍ ഗസയില്‍ തങ്ങള്‍ മൂന്ന് ആശുപത്രികള്‍ നിര്‍മിക്കുമെന്നാണ് ടെബൗണ്‍ പറഞ്ഞത്.
അതേസമയം റഫയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രഈല്‍ വ്യാപകമായി ആക്രമണം നടത്തിയതിന് പിന്നാലെ ഈജിപ്തും ഗസയും തമ്മിലുള്ള അതിര്‍ത്തി മെയ്യില്‍ അടച്ചുപൂട്ടിയിരുന്നു. നിലവില്‍ ഈ അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇസ്രഈലിനെതിരെ അള്‍ജീരിയ പ്രസിഡന്റ് വിമര്‍ശനം ഉയര്‍ത്തിയത്.
അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതോടെ ഗസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പ്രാദേശിക അധികാരികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1000 ഫലസ്തീനികള്‍ മാനുഷിക സഹായം നിലച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.
ഗസയിലെ നൂറുകണക്കിന് ഫലസ്തീന്‍ ഡോക്ടര്‍മാരെയാണ് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ് കൊലപ്പെടുത്തിയത്. കൂടാതെ, നിരവധി ആശുപത്രികളെ ലക്ഷ്യം വെച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഫലസ്തീനില്‍ ഉണ്ടായിരിക്കുന്നത് നികത്താന്‍ കഴിയാത്ത നാശനഷ്ടങ്ങളാണ്.
പ്രാഥമിക ചികിത്സ പോലും കിട്ടാതെ ഫലസ്തീനികള്‍ വേദനയനുഭവിക്കുന്ന സാഹചര്യത്തിലാണ് അള്‍ജീരിയ ആശുപത്രി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാല്‍ ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രഈല്‍ ഗസയില്‍ സൈനിക നടപടി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഗസയുടെ പുനര്‍നിര്‍മാണവും മറ്റും വെല്ലുവിളി നേരിടുന്ന വിഷയങ്ങളാണ്.
Content Highlight: Algeria prasident Abdelmadjid Tebboune strongly criticizes Israel