| Friday, 25th July 2014, 1:24 pm

കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] അള്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ അതിര്‍ത്തിയില്‍ കണ്ടത്തെി. മാലിയിലെ ബൗലിക്കെസി ഗ്രാമത്തില്‍ ബുര്‍കിന ഫാസോ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമിറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുര്‍കിന ഫാസോയില്‍ നിന്ന് 116 യാത്രക്കാരുമായി അള്‍ജിയേഴ്‌സിലേക്ക് യാത്ര തിരിച്ച വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റിന് ശേഷം വാര്‍ത്താവിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു.  ഇന്ത്യന്‍സമയം വൈകീട്ട് 4.30 നായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണം.

മാലി സര്‍ക്കാറിന്റെ അനുമതിയോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി ബുര്‍കിന ഫാസോ സൈനിക മേധാവി അറിയിച്ചു. യാത്രക്കാരിലേറെയും അള്‍ജീരിയക്കാരും ഫ്രഞ്ചുകാരുമാണ്. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍, യുക്രെയ്ന്‍, റുമേനിയ, നൈജീരിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. വിമാന ജീവനക്കാര്‍ സ്‌പെയിന്‍ സ്വദേശികളാണ്.

സ്വകാര്യ സ്പാനിഷ് കമ്പനിയായ സ്ഫിറ്റ് എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് പതിനെട്ട് വര്‍ഷം പഴക്കമുണ്ട്. യൂറോപ്പിലേക്കും പശ്ചിമ ഏഷ്യയിലേക്കും പോകുന്നവരായിരുന്നു മിക്ക യാത്രക്കാരും.

ജൂലൈ 17ന് യുക്രൈനില്‍ വിമതരുടെ മിസൈലേറ്റ് മലേഷ്യന്‍ വിമാനം തകര്‍ന്ന് 298 പേരും ബുധനാഴ്ച തായ് വാനില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് 48 പേരും മരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more