അള്‍ജിയേഴ്‌സ്: മാധ്യമപ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന നിയമ പ്രഖ്യാപനവുമായി അള്‍ജീരിയ. മാധ്യമപ്രവര്‍ത്തകരുടെ ജോലി കര്‍ശനമാക്കുന്ന പുതിയ നിയമം വ്യാഴാഴ്ച പാര്‍ലമെന്റ് അംഗീകരിച്ചു.
നിയമത്തിന്റെ നിയന്ത്രണത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പ്രസ്തുത നിയമത്തില്‍ നിരവധി നെഗറ്റീവ് പരാമര്‍ശങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പറഞ്ഞു.
വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായമോ മറ്റ് സഹായങ്ങളോ സ്വീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന നിയമമാണ് പ്രധാനമായും കൊണ്ടു വന്നിരിക്കുന്നത്. മാധ്യമസ്ഥാപനം വാങ്ങുന്നതില്‍ നിന്നോ, സംഭാവന ചെയ്യുന്നതില്‍ നിന്നോ ഇരട്ട പൗരത്വമുള്ളവര്‍ക്ക് അവകാശമില്ലെന്നും ഇതില്‍ പറയുന്നു.
‘മാധ്യമസ്വാതന്ത്ര്യവും ബഹുസ്വരതയും ഉറപ്പാക്കുക, എല്ലാ തരത്തിലുള്ള വ്യതിയാനങ്ങളില്‍ നിന്ന് മാധ്യമങ്ങളെ സംരക്ഷിക്കുക എന്നതാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്,’ വാര്‍ത്താ വിനിമയ മന്ത്രി മുഹമ്മദ് ബൗസ്‌ലിമാനി പറഞ്ഞു.
എന്നാല്‍ നിയമത്തില്‍ നല്ല വശങ്ങളും മോശം വശങ്ങളുമുണ്ടെന്ന് നോര്‍ത്ത് ആഫ്രിക്കയിലെ ആര്‍.എസ്.എഫ് പ്രതിനിധിയായ ഖലേദ് ദ്രറേണി പറഞ്ഞു.
‘നിയമത്തിലെ ചില പരാമര്‍ശങ്ങള്‍ നല്ലതാണ്. എന്നാല്‍ നിയമത്തിലെ ചില അധ്യായങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ജുഡീഷ്യറിയിലേക്കുള്ള ഉറവിടങ്ങള്‍ വെളിപ്പെടുത്തുക, ഏതെങ്കിലും തരത്തിലുളള ധനസഹായം ലംഘിക്കുക, തുടങ്ങിയവ,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഒരു പത്രസ്ഥാപനം പുതുതായി തുടങ്ങണമെങ്കില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഒരു പ്രസ്താവന മാത്രം നല്‍കിയാല്‍ മതിയെന്നും നിയമത്തില്‍ പറയുന്നു.
ഈ മാസം ആദ്യം അള്‍ജീരിയയിലെ കോടതി പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇഹ്‌സാന്‍ എല്‍ കാദിയെ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നുവെന്ന് ആരോപിച്ച് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എല്‍ കാദിയുടെ അറസ്റ്റിനെ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണലും പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളും അപലപിച്ചിരുന്നു.
content highlight: algeria anounce new law against media