. ലിന്റ എഫ്.ആര്‍
യൂറോപ്പിന്റെ തെക്ക് പടിഞ്ഞാറായി കിടക്കുന്ന ചെറു ദ്വീപ്. ഭൂവിസ്തൃതിയില്‍ ലോകത്തില്‍ 106-ാമത്. ഫിഫ റാങ്കിങ്ങില്‍ 22ാം സ്ഥാനം. ഇതുവരെ കളിച്ചിട്ടുള്ള ഏക ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് 2016ലെ യൂറോ കപ്പ്. എന്നാല്‍ ഒരു തുടക്കക്കാരന്റെ പതര്‍ച്ചയോ ഇടര്‍ച്ചയോ ഇല്ലാതെയാണ് ഈ കുഞ്ഞുരാജ്യത്തിന്റെ ഓരോ കളിക്കാരും പന്തുതട്ടിയത്, അതും വമ്പന്മാരായ അര്‍ജന്റീനയ്‌ക്കെതിരെ. കളി കഴിഞ്ഞപ്പോള്‍ ജയത്തോളം വരുന്ന സമനില സ്വന്തം.
ആദ്യ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ സ്വന്തം രാജ്യത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിക്കൊടുത്തത് ആല്‍ഫ്രഡ് ഫിന്‍ബൊഗാസന്‍. ടീമിന്റെ സ്‌ട്രൈക്കറും മധ്യനിര മുന്നേറ്റക്കാരനുമാണ് ആല്‍ഫ്രഡ്. ടീമില്‍, 56 കളികളില്‍ നിന്ന് 19 ഗോളുകള്‍ നേടിയ ഗില്‍ഫി സിഗുറോസനെ ആയിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ഗോള്‍ പിറന്നത് ആല്‍ഫ്രഡിന്റെ കാലില്‍ നിന്നും. 2010ല്‍ ഐസ്ലാന്റ് ദേശീയ ടീമില്‍ ഇടം നേടിയ ആല്‍ഫ്രഡ് ഇതുവരെ 48 കളികളില്‍ നിന്ന് 14 ഗോളുകള്‍ അടിച്ചു. ഐസ്ലാന്റിന് വേണ്ടി അണ്ടര്‍ 21 ടീമില്‍ 11 കളികളില്‍ നിന്നും 5 ഗോളുകള്‍ നേടി ആല്‍ഫ്രഡ്.
2016 മുതല്‍ എഫ്.സി.ഓഗസ്ബെര്‍ഗ് ക്ലബ് അംഗമായ ആല്‍ഫ്രഡ് നല്ലൊരു ക്ലബ് പ്ലെയറും കൂടിയാണ്. 2008 ല്‍ ബ്രീദാബ്ലിക് ക്ലബ്ബിന് വേണ്ടി കളിച്ചാണ് അദ്ദേഹത്തിന്റെ സീനിയര്‍ കരിയറിന്റെ ആരംഭം. ആ സീസണില്‍ 18 ലീഗ് മാച്ചുകളില്‍ നിന്ന് 13 ഗോളുകള്‍ ആല്‍ഫ്രഡ് യങ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ടീമിന് ആദ്യമായി ഐസ്ലാന്‍ഡ് കപ്പും നേടിക്കൊടുത്തു.
Read Also : ഹിഗ്വിറ്റയെപ്പോലെ ഗോളടിക്കുന്ന അഞ്ച് ഗോളിമാരെക്കുറിച്ച്
2010ല്‍ ലീഗ് കളികളിലെ ടോപ്‌സ്‌കോറര്‍, ആ വര്‍ഷത്തെ പ്ലെയര്‍ ഓഫ് ദി ഇയര്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കി. അന്ന് ക്ലബ്ബുകളെല്ലാം ആല്‍ഫ്രഡിനായി മത്സരിച്ചു. 2010 മുതല്‍ ലൊകേറന്‍ ക്ലബിന് വേണ്ടിയും 2012ല്‍ സ്വീഡിഷ് ചാമ്പ്യനായ ഹെല്‍സിങ്ബര്‍ഗ് ഐ.എഫിന് വേണ്ടിയും ആല്‍ഫ്രഡ് കളിച്ചു. 2012-2013 ലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ മൂന്നാം ക്വാളിഫയിങ് റൗണ്ടില്‍ പോളിഷ് ചാമ്പ്യനായ സ്ലാസ്‌ക് റോക്ലൗയ്‌ക്കെതിരെ ഒരു ഗോളും അഞ്ച് അസിസ്റ്റുകളും തന്റെ പേരില്‍ കുറിച്ച് ക്‌ളബ്ബിനെ 6-1ന് വിജയിപ്പിച്ചു.
അങ്ങനെ 17 കളികളില്‍ നിന്ന് 12 ഗോളുകലുമായി ഹെല്‍സിങ്ബര്‍ഗി ന്റെ ടോപ്‌സ്‌കോററായി ആല്‍ഫ്രഡ്. ഹെല്‍സിങ്ബര്‍ഗുമായുള്ള ആറു മാസത്തെ കരാര്‍ അവസാനിച്ചയുടനെതന്നെ ഡച്ച് ക്ലബായ ഹീറെന്‍വീന്‍ ആല്‍ഫ്രഡിന്റെ കൊത്തിയെടുത്തു. ആ സീസണ്‍ അവസാനിപ്പിച്ചത് ക്ലബ്ബിന്റെ മൂന്നാമത്തെ ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍ ആയാണ്. ടീം ആകെ അടിച്ചുകൂട്ടിയ 50 ഗോളുകളില്‍ 24 എണ്ണവും ആല്‍ഫ്രഡിന്റെ വകയായിരുന്നു.
സ്വന്തം കഴിവിന്റെ കരുത്തില്‍ ക്ലബ്ബില്‍ നിന്ന് ക്ലബിലേയക്ക് ചുവടുകള്‍ മാറ്റിക്കൊണ്ടിരുന്ന താരം 2014ല്‍ 7.5.മില്യണ്‍ എന്ന വന്‍ തുകയ്ക്ക് സ്പാനിഷ് ലാലിഗ ക്ലബ്ബ് ആയ റയല്‍ സൊഷിഡഡു മായി കരാര്‍ ഒപ്പ് വച്ചു. ആ സീസണിലെ യുവേഫ യൂറോ കപ്പില്‍ അബെര്‍ദീനെ 2-0 തകര്‍ത്തു. 2015ല്‍ ഒളിമ്പിക്കോസ് ക്ലബ്ബില്‍ എത്തിയ ആല്‍ഫ്രഡ് ആ വര്‍ഷം തന്നെ ചാംപ്യന്‍സ്ലീഗിലെ ഗ്രൂപ്പ് മാച്ചില്‍ ആര്‍സനലിനെതിരെ വിജയഗോള്‍ നേടി. ഇംഗ്ലീഷ് മണ്ണിലെ ക്ലബ്ബിന്റെ ആദ്യ ജയം. പെനാല്‍റ്റി കിക്കിലൂടെ സൂപ്പര്‍ലീഗിലും ആല്‍ഫ്രഡ് തന്റെ പ്രതിഭ കാണിച്ചു.
2016ല്‍ വന്‍ തുകയ്ക്ക് തന്നെ ഏറ്റെടുത്ത എഫ്.സി.ഓഗ്സ്ബുര്‍ഗ് ക്ലബ്ബിനായി 2017ല്‍് അടിച്ചുകൂട്ടിയത് രണ്ട് ഹാട്രിക്ക്. ആദ്യത്തേത് ബുണ്ടസ്ലീഗെയില്‍ എഫ്.സി.കോളിനെതിരെയും രണ്ടാമത്തേത് എഫ്.സി.ഫ്രീബുര്‍ഗിനെതിരെയും. രണ്ടിലും ജയം ഓഗ്സ്ബുര്‍ഗിനൊപ്പമായിരുന്നു.
ആല്‍ഫ്രഡിന്റെ പ്രധാന ശക്തി അദ്ദേഹത്തിന്റെ കൃത്യമായ ഫിനിഷിങ് ആണ്. അദ്ദേഹത്തിന്റെ മുന്‍ കളികള്‍ നോക്കിയാല്‍ പന്തുമായി ഒറ്റയ്ക്ക് ഗോള്‍മുഖത്തേക്ക് പാഞ്ഞടുക്കാനും തടസങ്ങള്‍ക്കിടയിലും ഭംഗിയായി പന്ത് ഗോളാക്കാനുമുള്ള ആല്‍ഫ്രഡിന്റെ കഴിവ് മനസിലാക്കാം. എന്നാല്‍ അത്തരമൊരു ഒറ്റയാള്‍ മുന്നേറ്റമല്ല കഴിഞ്ഞ ദിവസം ഒക്രിറ്റി അരേനയില്‍ കണ്ടത്.
തന്റെ സഹകളിക്കാര്‍ എതിരാളികളെ മറികടന്ന് ഗോളടിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഗോളി തട്ടിയകറ്റിയ പന്താണ് ആല്‍ഫ്രഡ് ഓടിയെത്തി അതേ വേഗത്തില്‍ തിരിച്ചടിച്ചു വലയിലെത്തിച്ചത്. അദ്ദേഹത്തിന്റ ഗോളുകള്‍ പലതും ഇതുപോലെ ചെറു സ്പര്‍ശനത്താല്‍ ഉണ്ടായതാണ്. പന്തിനെ ആക്രമിച്ച് ഗോള്‍ മുഖം വരെ കൊണ്ടെത്തിച്ചതിന് ശേഷം വളരെ ശ്രദ്ധയോടെ സ്മൂത്തായി വലയ്ക്കുള്ളിലേയ്ക് തള്ളിവിടുന്നതാണ് അല്‍ഫ്രഡിന്റെ രീതി.
ആവശ്യമെങ്കില്‍ പന്ത് ഹെഡ് ചെയ്യാനും ആല്‍ഫ്രഡിന് മടിയില്ല. ഐസ്ലാന്റിക് പ്രീമിയര്‍ ലീഗ് സില്‍വര്‍ ബൂട്ട്(2010),ഐസ്ലാന്റിക് പ്രീമിയര്‍ ലീഗ് ബ്രോണ്‌സ് ബൂട്ട്(2009), ഐസ്ലാന്റിക് പ്രീമിയര്‍ ലീഗ് ടീം ഓഫ് ദി ഇയര്‍ (200910) എന്നീ പുരസ്‌കാരങ്ങളും ആല്‍ഫ്രഡിന് ലഭിച്ചിട്ടുണ്ട്.
ഐസ്ലാന്റിന് ഈ ലോകകപ്പില്‍ വലുതായെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. പക്ഷെ ആല്‍ഫ്രഡ് ഫിന്‍ബോഗാസന്‍ എന്ന കഴിവുറ്റ കളിക്കാരനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഈ കൊച്ചു രാജ്യത്തിനു കഴിഞ്ഞു.