| Friday, 5th April 2019, 10:57 am

ഫോട്ടോ എഡിറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ടൈം മാഗസിന്‍ കവറില്‍ സ്വന്തം ഫോട്ടോ ചേര്‍ത്തതിനെ ന്യായീകരിച്ച് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടൈം മാഗസിന്‍ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെ ന്യായീകരിച്ച് എറണാകുളം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഫോട്ടോ എഡിറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നാണ് കണ്ണന്താനം ചോദിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവരും ഇത് ചെയ്യുന്നതല്ലേയെന്ന് പറഞ്ഞ് കണ്ണന്താനം ഇതിനെ ന്യായീകരിക്കുകയും ചെയ്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൈം മാഗസിന്റെ 100 യുവ നേതാക്കളുടെ പട്ടികയില്‍ തന്റെ പേര് വന്നിട്ടുണ്ട്. അതുകൊണ്ടാണ് കവറില്‍ പടം ചേര്‍ത്തത്. തന്നെ പരിഹസിക്കുന്നവര്‍ ആ മാസിക ഒന്നു നോക്കണം. അന്ന് ടൈം മാഗസിന്‍ തെരഞ്ഞെടുത്ത 100 ലോക നേതാക്കളുടെ പട്ടികയില്‍ താനാണ് ആദ്യത്തെയാള്‍. ടൈം മാസികയുടെ യുവ നേതാക്കളുടെ പട്ടികയില്‍ വന്ന ഏക മലയാളിയും താനാണ്. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന തന്റെ അല്ലാതെ മറ്റാരുടെ പടമാണ് കവറില്‍ ചേര്‍ക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു.

Also read:മുസ്‌ലിം ലീഗ് വൈറസാണ്; കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് പടരുമെന്ന് യോഗി ആദിത്യനാഥ്

1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് കണ്ണന്താനം തന്റെ ചിത്രം ഫോട്ടോ ഷോപ്പ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിച്ചത്. കണ്ണന്താനം തന്നെ ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു.

യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു കണ്ണന്താനം.

ടൈം മാഗസിന്റെ ഒറിജിനല്‍ മുഖചിത്രം ഇപ്പോഴും വെബ്സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനം വ്യാജപ്രചരണം നടത്തിയത്.

അതേസമയം വോട്ട് ഫോര്‍ കണ്ണന്താനം എന്ന ക്യാപ്ഷനോടെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ അതേചിത്രമാണ് 1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ഫോട്ടോഷോപ്പിനും ഉപയോഗിച്ചത് എന്നതാണ് മറ്റൊരു വസ്തുത.

We use cookies to give you the best possible experience. Learn more