തിരുവനന്തപുരം: വിവാദങ്ങളൊഴിഞ്ഞതോടെ കായംകുളം സ്വദേശിനി ആല്‍ഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. തിങ്കളാഴ്ച വൈകിട്ട് 5.30ന് മലവിള പനമൂട്ടില്‍ ശ്രീ മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. അഖിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
കല്യാണത്തിന് തൊട്ടുമുമ്പ് ആല്‍ഫിയയെ വിവാഹവേദിയില്‍ നിന്ന് പൊലീസ് ബലം പ്രയോഗിച്ചു കൊണ്ടുപോയ സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ വിവാഹത്തിനൊരുങ്ങി നിന്ന ആല്‍ഫിയയെ പൊലീസെത്തി ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
ആല്‍ഫിയയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഇവരെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കോവളം പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആല്‍ഫിയയെ ആദ്യം കൊണ്ടുപോയത്. കൂടെ ബന്ധുക്കളും ഉണ്ടായിരുന്നു. കൂടെ പോകാന്‍ തയ്യാറാകാതിരുന്ന ഇവരെ പൊലീസ് ബലം പ്രയോഗിച്ചായിരുന്നു വണ്ടിയില്‍ കയറ്റിയത്.
ആല്‍ഫിയയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണെന്ന് നടപടിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആല്‍ഫിയ തന്നോടൊപ്പം കോവളത്തെത്തിയ വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും അവര്‍ കോവളത്ത് എത്തി കോവളം പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നെന്നുമായിരുന്നു അഖിലിന്റെ ആരോപണം. വിഷയത്തില്‍ കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖില്‍ കോവളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.