മെസിയോ റൊണാള്‍ഡോയോ, ആരാണ് മികച്ചത്? ഫുട്‌ബോള്‍ ലോകത്ത് ഇന്നും അന്ത്യമില്ലാതെ തുടരുന്ന ചര്‍ച്ചകളുടെ പ്രധാന വിഷയമാണിത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളും താരങ്ങളും ഗോട്ട് ഡിബേറ്റില്‍ തങ്ങളുടെ പ്രിയ താരത്തെ തെരഞ്ഞെടുത്തിരുന്നു. ഇതിഹാസ താരം പെലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തപ്പോള്‍ ലയണല്‍ മെസിക്കായിരുന്നു മറഡോണയുടെ വോട്ട്.
ഗോട്ട് ഡിബേറ്റില്‍ തന്റെ പ്രിയ താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ആഴ്‌സണല്‍ സൂപ്പര്‍ താരവും ചിലയന്‍ ഇന്റര്‍നാഷണലുമായ അലക്‌സിസ് സാഞ്ചസ്. മെസിയുമല്ല ക്രിസ്റ്റ്യാനോയുമല്ല ബ്രസീലിന്റെ ഇതിഹാസ താരം റൊണള്‍ഡോ നസാരിയോ ആണ് ഫുട്‌ബോളിലെ മികച്ച താരമെന്നാണ് സാഞ്ചസ് അഭിപ്രായപ്പെടുന്നത്.
ആര്‍-9 ഒരു പ്രതിഭാസമാണെന്നും ലോക ഒന്നാം നമ്പര്‍ താരമാണെന്നുമായിരുന്നു സാഞ്ചസിന്റെ അഭിപ്രായം. എം.ഡി ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘റൊണാള്‍ഡോ ഒരു പ്രതിഭാസമാണ്. അദ്ദേഹം ലോക ഒന്നാം നമ്പര്‍ താരമാണ്. ഞാന്‍ വ്യത്യസ്തരായ മികച്ച താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. ഞാന്‍ മെസിയെയും റൊണാള്‍ഡോയെയും അടുത്ത് കണ്ടിട്ടുണ്ട്. അദ്ദേഹം എതിരാളികളെ കബളിപ്പിച്ച് പന്തുമായി മുന്നേറുന്നത് വളരെ മികച്ച കാഴ്ചയാണ്. ഫുട്ബോളില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നായിരുന്നു അത്,’ സാഞ്ചസ് പറഞ്ഞു.
സ്പെയ്നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്പെയ്നില്‍ ബാഴ്സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. ഈ നാല് ടീമുകളുടെയും ആരാധകര്‍ അദ്ദേഹത്തെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു എന്നത് മറ്റൊരു സവിശേഷത.
ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീസിന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.
ഒരുപക്ഷേ പരിക്കുകള്‍ തളര്‍ത്തിയിരുന്നില്ലെങ്കില്‍ മെസിയെക്കാളും ക്രിസ്റ്റ്യാനോയേക്കാളും ഐതിഹാസിക കരിയര്‍ പടുത്തുയര്‍ത്താനും ആര്‍-9ന് സാധിക്കുമായിരുന്നു.
കരിയറില്‍ മെസിക്കൊപ്പം പന്തുതട്ടിയ താരമാണ് സാഞ്ചസ് എന്നതും എടുത്തുപറയണം. മെസിക്കൊപ്പം 117 മത്സരങ്ങളില്‍ കറ്റാലന്‍മാര്‍ക്കായി സാഞ്ചസ് കളത്തിലിറങ്ങിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് 24 ഗോളും ബാഴ്‌സക്കായി നേടിയിട്ടുണ്ട്.