| Sunday, 26th February 2023, 6:51 pm

ഇംഗ്ലണ്ടില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും മെസി ആധിപത്യം പുലര്‍ത്തുമായിരുന്നു: അര്‍ജന്റൈന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി ഇംഗ്ലണ്ടില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹമാകുമായിരുന്നു ഏറ്റവും മികച്ച താരമെന്ന് അര്‍ജന്റൈന്‍ താരം മാക് അലിസ്റ്റര്‍.

മെസിയുടെ കഴിവുകള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണെങ്കില്‍ താരത്തിന് ആധിപത്യം സ്ഥാപിക്കാനാകുമെന്നും അലിസ്റ്റര്‍ പറഞ്ഞു. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

‘മെസി പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹമാകുമായിരുന്നു ഏറ്റവും ബെസ്റ്റ് എന്നതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തിനത് ബുദ്ധിമുട്ടായിരിക്കുമോ? എനിക്ക് തോന്നുന്നില്ല.

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ടൂര്‍ണമെന്റില്‍ അത് മെസി കാണിച്ചിട്ടുമുണ്ട്. അദ്ദേഹം എത്ര മികച്ചതായിരുന്നെന്നും ടീമിന് അദ്ദേഹം എത്രമാത്രം പ്രാധാന്യമുള്ളയാളാണെന്നും അവിടെ തെളിയിച്ചുണ്ട്,’ അലിസ്റ്റര്‍ പറഞ്ഞു.

അര്‍ജന്റീനക്കാര്‍ മെസിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കാരണമാണ് തങ്ങള്‍ ലോകചാമ്പ്യനായതെന്നും അലിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

മെസിയെ ക്ലബ്ബിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി പലപ്പോഴായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കരിയറിലെ അവസാന സറ്റേജ് ആയതിനാല്‍ താരം ഇംഗ്ലണ്ടിലേക്ക് ചേക്കേറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തിയത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും താരം തന്റെ തീരുമാനം അറിയിക്കാത്തതിന്റെ ആശങ്കയിലാണ് പി.എസ്.ജി.

ഇതോടൊപ്പം, മെസിയെ സൈന്‍ ചെയ്യിക്കാന്‍ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും താരം പി.എസ്.ജി വിട്ട് പുതിയ ക്ലബ്ബിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പി.എസ്.ജിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 27 മത്സരങ്ങളില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.

Content Highlights: Alexis Mac Allister makes bold claims about Lionel Messi

We use cookies to give you the best possible experience. Learn more