'എല്ലാ പുരസ്‌കാരങ്ങളും സമര്‍പ്പിക്കുന്നത് അച്ഛന് വേണ്ടിയാണ്': അലക്‌സിയ പുട്ടെയാസ്
Football
'എല്ലാ പുരസ്‌കാരങ്ങളും സമര്‍പ്പിക്കുന്നത് അച്ഛന് വേണ്ടിയാണ്': അലക്‌സിയ പുട്ടെയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 7:05 pm

ഫിഫയുടെ കഴിഞ്ഞ സീസണിലെ ‘ഫിഫ ദ ബെസ്റ്റ്’ വനിതാ താരമായി സ്‌പെയ്‌നിന്റെ അലക്‌സിയ പുട്ടെയാസിനെയാണ് തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് താരത്തെ തേടി ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് എത്തുന്നത്.

തന്റെ 16ാം വയസുമുതല്‍ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായ പുട്ടെയാസ്, 2012 മുതല്‍ ബാഴ്സയുടെ മധ്യനിരയിലെ കരുത്താണ്. 2018ലും 2021ലും പല സീസണുകളിലായി ബാഴ്സയെ നയിച്ചതും അലക്സ്യ തന്നെയായിരുന്നു. 2021ല്‍ ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ അവാര്‍ഡും പുട്ടെയാസിനായായിരുന്നു ലഭിച്ചിരുന്നത്.

എല്ലാ പുരസ്‌കാരങ്ങളും പുട്ടെയാസ് സമര്‍പ്പിക്കുന്നത് മരിച്ചുപോയ അവരുടെ അച്ഛന്‍ ജോമിനാണ്. ഓരോ ഗോളിന് ശേഷവും ആകാശത്തേക്ക് വിരല്‍ ചൂണ്ടുന്നത് അച്ഛന്‍ അവിടെയുണ്ടെന്ന ഉറപ്പിലാണെന്ന് താരം ഒരിക്കല്‍ പറഞ്ഞിരുന്നു.

ഒരു മികച്ച കായികതാരമാകാന്‍ ഒരച്ഛന് നല്‍കാന്‍ കഴിയുന്നതെല്ലാം മകള്‍ക്കിവിടെ ഒരുക്കിക്കൊടുത്താണ് ജോം ഈ ലോകത്ത് നിന്ന് യാത്രയായത്.

സ്‌കൂളിലെ ഒഴിവ് സമയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പന്ത് കളിച്ചും വീട്ടിലേക്ക് മടങ്ങുന്ന വഴികളില്‍ പന്ത് തട്ടിക്കളിച്ച്, പരിക്ക് പറ്റി ചോരയൊലിക്കുന്ന കാലും ചെളി പുരണ്ട ഉടുപ്പുമായി കയറിച്ചെല്ലുന്ന കൊച്ചു പുട്ടെയാസിനെ അമ്മ എലിസബത്താണ് ക്ലബ്ബില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നത്.

ഏഴാം വയസിലാണ് പുട്ടെയാസിന്റെ പിതാവ് തനിക്കേറ്റവും ഇഷ്ടപ്പെട്ട കാല്‍പന്ത് കളി പഠിക്കാന്‍ മകളെ സഡാലെലില്‍ ചേര്‍ക്കുന്നത്. പ്രായമായിട്ടില്ലെന്ന പേരില്‍ അഡ്മിഷന്‍ നല്‍കാന്‍ അക്കാദമി വിസമ്മതിച്ചപ്പോള്‍ എട്ടുവയസായെന്ന് കള്ളം പറഞ്ഞാണ് പുട്ടെയാസിനെ അവിടെക്കൊണ്ടാക്കുന്നത്.

പിന്നീട് പതിനൊന്നും പന്ത്രണ്ടും വയസുള്ള കൂട്ടുകാര്‍ക്കൊപ്പം കളിക്കളത്തിലെ കുഞ്ഞുപാഠങ്ങള്‍ ആ കൊച്ചുമിടുക്കി പഠിച്ചും പയറ്റിയും തുടങ്ങി. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ശരീരവും മനസും ഒരുക്കിയെടുക്കാന്‍ പിതാവ് ജോമിന്റെ സ്‌പെഷല്‍ ക്ലാസുകള്‍ വേറെയും.

ബാസ്‌കറ്റ് ബോളില്‍ അഭിനിവേശം ഉണ്ടായിരുന്ന അമ്മ എലി ഫുട്‌ബോളിനൊപ്പം ബാസ്‌കറ്റ് ബോളും ഹോക്കിയും ടെന്നീസുമെല്ലാം പഠിക്കാന്‍ മകളെ സഹായിച്ചു. കായിക്ഷമത കൂട്ടാനും കളിശൈലി രൂപപ്പെടുത്താനുമായിരുന്നു അത്.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ അവസരം ഉണ്ടായിരുന്നില്ലെന്നും വീടിനടുത്തുള്ള ഏതെങ്കിലും ഒരു ലോക്കല്‍ ബാറിലെ ടെലിവിഷനിലായിരുന്നു മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം തങ്ങള്‍ കളികള്‍ കണ്ടിരുന്നതെന്നും പുട്ടെയാസ് പറഞ്ഞിരുന്നു.

പുട്ടെയാസ് ബാലണ്‍ ഡി ഓര്‍ ജേതാവായപ്പോള്‍ ദുബായ് ഭരണകൂടം ആദരസൂചകമായി ബുര്‍ജ് ഖലീഫയില്‍ താരത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരു പെണ്‍ മുഖം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിയുന്നത്.

ക്ലബ്ബ് തലത്തില്‍ ഒരു പ്ലെയര്‍ ആഗ്രഹിച്ചതെല്ലാം നേടിയ പുട്ടെയാസ് ഇന്നിപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഉയര്‍ത്തി നില്‍ക്കുമ്പോള്‍, ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കുമുള്ള വലിയ പ്രചോദനമാണത്.

Content Highlights: Alexia Putellas wins the FIFA the best woman player award