| Monday, 16th October 2023, 11:03 am

എന്തൊരു റെക്കോഡ്! ബാഴ്‌സലോണയിൽ മെസിയുടെ നേട്ടത്തിനൊപ്പമെത്തി ആ താരം

സ്പോര്‍ട്സ് ഡെസ്‌ക്
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലെ ലയണൽ മെസിയുടെ റെക്കോഡിനൊപ്പമെത്തി അലക്‌സിയ പുറ്റെല്ലസ്. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന പദവിയിലേക്കാണ് പുറ്റെല്ലസ് നടന്നുകയറിയത്.
ലിഗ എഫിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണ ഏകപക്ഷീയ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. മത്സരത്തിന്റെ 51ാം മിനിട്ടിൽ പുട്ടെല്ലസ് ആയിരുന്നു ബാഴ്‌സയുടെ വിജയഗോൾ നേടിയത്.
ഈ ഗോളിലൂടെ വനിത ബാഴ്‌സ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന നേട്ടത്തിലെത്താനും താരത്തിന് സാധിച്ചു. 182 ഗോളുകളാണ് പുട്ടെല്ലസ് ബാഴ്‌സക്കായി അടിച്ചുകൂട്ടിയത്. സഹതാരം ജെന്നി ഹെർമോസോയുടെ പേരിലായിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ് ഉണ്ടായിരുന്നത്. എന്നാൽ സഹതാരത്തെ പിന്നിലാക്കി കൊണ്ടായിരുന്നു പുട്ടെല്ലസ് മുന്നേറിയത്.

2012ലാണ് പുട്ടെല്ലസ് ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സക്കൊപ്പം ഏഴ് ലീഗ് കിരീടങ്ങളും, രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും, ഏഴ് കോപ്പ ഡെൽറ കിരീടവും പുട്ടെല്ലസ് ബാഴ്‌സയോടൊപ്പം നേടിയിട്ടുണ്ട്.
ബാർസലോണ പുരുഷ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡ് അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പേരിലാണ്. കറ്റാലൻമാർക്ക് വേണ്ടി 778 മത്സരങ്ങൾ കളിച്ച മെസി 672 ഗോളുകളാണ് നേടിയിട്ടുള്ളത്.
 ലീഗ് എഫിൽ അഞ്ച് മത്സരങ്ങളിൽ അഞ്ച് വിജയവുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. ലീഗ് എഫിൽ ഒക്ടോബർ 21ന് ഗ്രനേഡക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlight: Alexia putellas reached Lionel Messi record in Barcelona.
We use cookies to give you the best possible experience. Learn more