മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനിയെ മോസ്കോ എയർപോർട്ടിൽവെച്ച് അറസ്റ്റ് ചെയ്തു. ജർമ്മനിയിൽ നിന്നും മോസ്കോയിലേക്ക് എത്തിയതിന് പിന്നാലെയാണ് നവാൽനിയെ അറസ്റ്റ് ചെയ്തത്. സൈബീരിയയിൽ നിന്നും മോസ്കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവാൽനിയ്ക്ക് വിഷബാധയേറ്റത്. തുടർന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.
മോസ്കോവിലെത്തിയാൽ നവാൽനിയെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യാപകമായി പ്രതീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 2014ലെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി നവാൽനി പരോൾ നിബന്ധനകൾ ലംഘിച്ചതിന് ഇദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു.
ഈ കേസിൽ കോടതി വിധി വരും വരെ നവാൽനിയെ കസ്റ്റഡിയിൽ വെക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തനിക്കെതിരെ റഷ്യൻ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാൽനി പറയുന്നത്. അതേസമയം നവാൽനിയെ അറസ്റ്റ് ചെയ്ത റഷ്യൻ നടപടിക്കെതിരെ ജർമ്മനി ശക്തമായ വിമർശനം ഉന്നയിച്ചു. പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം റഷ്യയ്ക്കുണ്ടെന്നും ജർമ്മനി അറിയിച്ചു. ജർമ്മനിക്ക് പുറമെ ഇറ്റലി, ഫ്രാൻസ്, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
അലക്‌സി നവാല്‍നി റഷ്യന്‍ സര്‍ക്കാരിന്റെയും വ്‌ളാഡ്മിര്‍ പുടിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. റഷ്യയുടെ ചോര ഊറ്റികുടിക്കുകയാണ് വ്‌ളാഡ്മിര്‍ പുടിന്‍ എന്ന് നിരവധി തവണ പൊതുമധ്യത്തില്‍ ആവര്‍ത്തിച്ചയാള്‍ കൂടിയാണ് നവാല്‍നി. പുടിന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവെന്നാണ് അലക്‌സി നവാല്‍നിയെ വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ചത്.