World News
ബെലാറസിന്റെ പ്രസിഡന്റായി ഏഴാമതും തെരഞ്ഞെടുക്കപ്പെട്ട് അലക്‌സാണ്ടര്‍ ലുകാഷെങ്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 27, 07:59 am
Monday, 27th January 2025, 1:29 pm

മിന്‍സ്‌ക്: ഏഴാമതും യൂറോപ്യന്‍ രാജ്യമായ ബെലാറസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് അലക്‌സാണ്ടര്‍ ലുകാഷെങ്കോ.ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ലുകാഷെങ്കോ 86.8% വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അതേസമയം ലുകാഷെങ്കോയുടെ വിജയം യൂറോപ്യന്‍ യൂണിയനും യു.എസും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

ബെലാറസില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാലും മുന്‍നിര പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കപ്പെടുകയോ നാടുവിടുകയോ ചെയ്തതിനാല്‍ ഈ തെരഞ്ഞെടുപ്പ് സ്വതന്ത്രമോ നീതിയുക്തമോ ആകാന്‍ വഴിയില്ലെന്നാണ് യു.എസും ഇ.യുവും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞനായ കാജ കല്ലാസ് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് വ്യാജമാണെന്നാണ് വിശേഷിപ്പിച്ചത്. അതിനാല്‍ ലുകാഷെങ്കോയുടെ വിജയത്തിന് ഒരു നിയമസാധുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബെലാറസിലെ ജനങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് കയ്‌പേറിയ ദിവസമാണ്,’ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.

6.9 ദശലക്ഷം ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 85.7% പോളിങ് രേഖപ്പെടുത്തിയതായാണ് ബെലാറസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. നേരത്തെ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രകാരം ലുകാഷെങ്കോ 87.6% വോട്ട് നേടുമെന്നാണ് പ്രവചിച്ചിരുന്നത്.

70കാരനായ ലുകാഷെങ്കോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുത്ത് അനുയായി ആയാണ് അറിയപ്പെടുന്നത്. 2020ല്‍ തന്റെ ഭരണത്തിനെതിരായ ബഹുജന പ്രതിഷേധം അടിച്ചമര്‍ത്തുകയും 2022ല്‍ ഉക്രൈനെ ആക്രമിക്കാന്‍ ബെലാറസിന്റെ പ്രദേശങ്ങള്‍ റഷ്യയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും ലുകാഷെങ്കോ കൃത്രിമം കാട്ടിയെന്ന് പ്രതിപക്ഷവും യൂറോപ്യന്‍ യൂണിയനും ആരോപിച്ചിരുന്നു. അന്ന് പ്രതിഷേധം നടത്തിയ ആയിരത്തിലധികം ആളുകള്‍ ഇപ്പോഴും ജയിലിലാണ്.

ലുകാഷെങ്കോയുടെ ഭൂരിഭാഗം രാഷ്ട്രീയ എതിരാളികളും നിലവില്‍ ജയിലിലാണ്. ചിലര്‍ ബെലാറസ് വിട്ട് പ്രവാസത്തിലാണ്. തന്റെ എതിരാളികള്‍ ചിലര്‍ ജയില്‍ തെരഞ്ഞെടുത്തു, മറ്റു ചിലര്‍ പ്രവാസം തെരഞ്ഞെടുത്തു എന്നാണ് ലുകാഷെങ്കോ ഇതിനെപ്പറ്റി പറഞ്ഞത്.

2020 മുതല്‍ 3,00,000 ബെലാറസുകാര്‍ രാജ്യം വിട്ടതായാണ് യു.എന്റെ കണക്കുകളില്‍ പറയുന്നത്. ഇവരില്‍ കൂടുതലും പോളണ്ടിലേക്കും ലിത്വാനിയയിലേക്കുമാണ് പോയത്. വിദേശത്ത് നിന്നുള്ള വോട്ടിങ് ബെലാറസ് റദ്ദാക്കിയതിനാല്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.

സോവിയറ്റ് യൂണിയനില്‍ നിന്ന് ബെലാറസ് സ്വതന്ത്രമായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 39 വയസായിരുന്നു ലുകാഷെങ്കോയുടെ പ്രായം. ലുകാഷെങ്കോയുട ഭരണം ഫാസിസത്തിലൂന്നിയതായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ലുകാഷെങ്കോയെക്കുറിച്ചുള്ള വിമര്‍ശനം പോലും ബെലാറസില്‍ നിരോധിച്ചിരിക്കുന്നു.

2022ല്‍, ബെലാറസില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ദിശകളില്‍ നിന്നാണ് റഷ്യന്‍ സൈന്യം ഉക്രൈനിലേക്ക് പ്രവേശിച്ചത്. അടുത്ത വര്‍ഷം, നാറ്റോ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബെലാറസിലേക്ക് റഷ്യ തന്ത്രപരമായ ആണവായുധങ്ങള്‍ അയച്ചു.

Content Highlight: Alexander Lukashenko elected as the President of Belarus for the 7th Time