കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. താരത്തിന് പിന്നാലെ യുണൈറ്റഡ് താരം അലക്‌സ് ടെല്ലസ് അല്‍ നസറുമായി സൈനിങ് നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടെല്ലസ് അല്‍ നസറുമായി സൈനിങ് നടത്തുമെന്ന് സ്പാനിഷ് ഔട്‌ലെറ്റ് ആയ എ.എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സെവില്ലയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുകയാണ് താരം.
കരാര്‍ പ്രകാരം 2024 ജൂണ്‍ വരെ ടെല്ലസിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാമെങ്കിലും താരം ക്ലബ്ബ് വിട്ടുപോകാനാണ് പദ്ധതിയിടുന്നതെന്നും യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് ഇടവേളയെടുത്ത് അറേബ്യന്‍ മണ്ണില്‍ കളിക്കാനാണ് ടെല്ലസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ശനിയാഴ്ച സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
ഇതിനി മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.
സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.