| Tuesday, 27th August 2024, 5:29 pm

കേരളത്തിലെ ജനങ്ങളെല്ലാവരും സാഹിത്യകാരന്മാരായിരുന്നെങ്കില്‍ ക്ലാസ്‌മേറ്റ്‌സിലെ ആ പാട്ട് മാറ്റേണ്ടി വരില്ലായിരുന്നു: അലക്‌സ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്.

അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ ചിത്രവും ചിത്രത്തിലെ ഗാനവും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പട്ടതാണ്. ക്ലാസ്‌മേറ്റ്‌സിലെ ഗാനങ്ങള്‍ ഒരുക്കിയത് സംഗീത സംവിധായകന്‍ അലക്‌സ് പോളാണ്. അലക്‌സ് പോളിന്റെ സംഗീതത്തിന് വരികളൊരുക്കിയത് വയലാര്‍ ശരത് ചന്ദ്രവര്‍മയാണ്.

സിനിമയിലെ എന്റെ ഖല്‍ബിലെ എന്ന് തുടങ്ങുന്ന ഗാനത്തിന് ആദ്യം വയലാര്‍ ശരത് ചന്ദ്രവര്‍മ എഴുതിയ വരികള്‍ വേറെ ആയിരുന്നു. ചില്ലു ജാലക വാതിലില്‍ എന്ന് തുടങ്ങുന്ന വരികള്‍ ആ സന്ദര്‍ഭത്തിന് യോജിച്ചതായി തോന്നാത്തതുകൊണ്ട് വയലാര്‍ ശരത് ചന്ദ്രവര്‍മയെ കൊണ്ട് വേറെ വരികള്‍ എഴുതിക്കുകയായിരുന്നെന്ന് അലക്‌സ് പോള്‍ പറയുന്നു.

മലയാളികള്‍ എല്ലാവരും സാഹിത്യകാരന്മാരായിരുന്നുവെങ്കില്‍ അതേ പാട്ടുതന്നെ മതിയായിരുന്നുവെന്നും എന്നാല്‍ കേരളത്തിലെല്ലാവര്‍ക്കും അത്രയും കട്ടിയുള്ള വാക്കുകള്‍ മനസിലായില്ലെങ്കിലോ എന്നോര്‍ത്ത് മാറ്റേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചില്ലു ജാലക വാതിലില്‍ എന്ന് തുടങ്ങുന്ന വരികള്‍ അത്രയും മനോഹരമായതുകൊണ്ടും അത് എഴുതിയ ഗാനരചയിതാവിന് വിഷമം ആകേണ്ടെന്നു കരുതിയും ആ വരികള്‍ വാങ്ങി മറ്റൊരു ഗാനം റെക്കോര്‍ഡ് ചെയ്യുകയായിരുന്നെന്ന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സ് പോള്‍ പറയുന്നു.

‘ചില്ലു ജാലക വാതില്‍ എന്ന പാട്ട് സത്യത്തില്‍ എന്റെ ഖല്‍ബിന് പകരം ചെയ്ത പാട്ടാണ്. എനിക്ക് ഭയങ്കര വേദന തോന്നി. കാരണം എന്താണെന്ന് വെച്ചാല്‍ മനോഹരമായിട്ടുള്ള വരികളാണതിന്റെ. പക്ഷെ എന്റെ മനസ് ആ സിറ്റുവേഷന് പറ്റിയ പാട്ടല്ല അതെന്ന് പറയുന്നുണ്ടായിരുന്നു.

ഒരു സാഹിത്യകാരനെ സംബന്ധിച്ചടത്തോളം ആ പാട്ട് ഓക്കേ ആണ്. കേരളത്തിലെ എല്ലാ ജനങ്ങളും സാഹിത്യകാരന്മാരായിരുന്നെങ്കില്‍ ആ പാട്ട് മതിയായിരുന്നു. പക്ഷെ ഇതൊരു കൊമേര്‍ഷ്യല്‍ ആയിട്ടുള്ള സിനിമയാണ്, സാധാരണക്കാരും ഉണ്ട്, പച്ച മലയാളത്തില്‍ സംസാരിക്കുന്നവരാണ്, അവര്‍ക്ക് കൂടുതല്‍ ഗഹനമായിട്ടുള്ള വാക്കുകളൊന്നും മനസിലാക്കണമെന്നില്ല. എല്ലാവര്ക്കും ഇഷ്ടപ്പെടണം, അത് പ്രധാനമായിട്ടുള്ളതാണ്. അപ്പോള്‍ ഈ പാട്ട് പറ്റില്ലെന്ന് തോന്നി.

അങ്ങനെയാണ് എന്റെ ഖല്‍ബിലെ പാട്ടുണ്ടാകുന്നത്. എനിക്ക് അദ്ദേഹത്തോട് സങ്കടം തോന്നി, ഞാന്‍ എന്നിട്ട് ആ വരകള്‍ വാങ്ങിച്ചിട്ട് അത് കംപോസ് ചെയ്യുകയാണെന്ന് പറഞ്ഞു. അന്ന് മഞ്ജരി അവിടെ ഉണ്ടായിരുന്നു. സാധാരണയായി ഓര്‍ക്കസ്ട്ര സെക്ഷന്‍ എല്ലാം കഴിഞ്ഞായിരിക്കും പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്.

എന്നാല്‍ അദ്ദേഹത്തെ വേദനിപ്പിക്കാതിരിക്കാന്‍ എത്രയും വേഗം എനിക്ക് പാട്ട് റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണമായിരുന്നു. അതുകൊണ്ട് മഞ്ജരിയെ വിളിച്ച് പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് പിന്നീടാണ് ഓര്‍ക്കസ്ട്ര എല്ലാം ചേര്‍ക്കുന്നത്. സത്യം ഓഡിയോസ് ആണ് ആ പാട്ടെടുത്തത്. ഞാന്‍ ആ പാട്ട് ഫ്രീ ആയിട്ടാണ് അവര്‍ക്ക് കൊടുത്തത്,’ അലക്‌സ് പോള്‍ പറയുന്നു.

Content Highlight: Alex Paul Talks about Replacement of chillu jalaka vathilin Song in Classmates  Movie  

We use cookies to give you the best possible experience. Learn more