| Tuesday, 6th August 2024, 12:26 pm

ആ പാട്ട് കേട്ട് ചതിക്കാത്ത ചന്തുവിന്റെ പേര് മാറ്റാന്‍ ചിന്തിച്ചു; അത് വേണ്ടെന്ന് വെക്കാന്‍ കാരണമുണ്ട്: അലക്‌സ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി മെക്കാര്‍ട്ടിന്‍ എഴുതി സംവിധാനം ചെയ്ത് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച ചിത്രമാണ് ചതിക്കാത്ത ചന്തു. ജയസൂര്യ നായകനായി എത്തിയ സിനിമയില്‍ നവ്യ നായര്‍, വിനീത്, ലാല്‍, ഭാവന, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ബേണി-ഇഗ്‌നേഷ്യസ് സ്‌കോറിങ് ചെയ്തപ്പോള്‍ സിനിമയില്‍ അലക്സ് പോള്‍ ആയിരുന്നു സംഗീതം നല്‍കിയത്.

അഞ്ച് ഗാനങ്ങളുള്ള ചിത്രത്തില്‍ നാല് എണ്ണത്തിന്റെ വരികള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. അതേസമയം ലവ് ലെറ്റര്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയത് സന്തോഷ് വര്‍മയായിരുന്നു. ഇപ്പോള്‍ ലവ് ലെറ്ററിനെ കുറിച്ച് പറയുകയാണ് അലക്സ് പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചതിക്കാത്ത ചന്തുവിന്റെ നാല് പാട്ടുകള്‍ ചെയ്ത് ഇരിക്കുമ്പോഴാണ് ഒരാള്‍ വീട്ടിലേക്ക് വരുന്നത്. അയാള്‍ കുറച്ചൊക്കെ ലിറിക്‌സ് എഴുതുന്ന ആളാണെന്ന് പറഞ്ഞു. വീടിന്റെ മുകളിലുള്ള സ്റ്റുഡിയോയിലേക്ക് പോകാന്‍ ഞാന്‍ പറഞ്ഞു. അയാള്‍ നേരെ മുകളിലെ സ്റ്റുഡിയോയിലേക്ക് പോയി. എന്റെ മനസിന്റെ തോന്നലില്‍ ആയിരുന്നു ഞാന്‍ അങ്ങനെ ചെയ്തത്. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അയാളോട് പറഞ്ഞു. ആ സമയത്ത് ഞാന്‍ അയാളുടെ കഴിവൊന്നും നോക്കിയിട്ടില്ല. ആള്‍ എഴുതിയ പാട്ടുകളുടെ ലൈന്‍സും കണ്ടിട്ടില്ല.

പകരം ഞാന്‍ ലവ് ലെറ്ററിനെ കുറിച്ച് ഒരു പാട്ട് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ചതിക്കാത്ത ചന്തുവില്‍ ഒരു ലവ് ലെറ്റര്‍ ആണല്ലോ വിഷയം. ഒരു ട്യൂണ്‍ കൊടുത്തതും അവന്‍ അപ്പോള്‍ തന്നെ കുറച്ച് വരികള്‍ എഴുതി. ഞാന്‍ ഓര്‍ക്കസ്ട്ര ചെയ്തു. അന്ന് വൈകുന്നേരം തന്നെ ഈ പാട്ടുമായി റാഫിയെ കാണാന്‍ പോയി. ആ പാട്ട് റാഫിയെ കേള്‍പ്പിച്ചു. പ്രൊഡ്യൂസറും കൂടെ ഉണ്ടായിരുന്നു. പാട്ട് എഴുതിയ ആളെ മാത്രം ഞാന്‍ കൂടെ കൊണ്ടുപോയില്ല. അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി. അവിടെ എത്തി പാട്ട് കേട്ടതും അവര്‍ പെട്ടെന്ന് നിശബ്ദരായി. ഒരക്ഷരവും പറയുന്നുണ്ടായിരുന്നില്ല.

അവര്‍ ആ സമയത്ത് ആലോചിച്ചത് ചതിക്കാത്ത ചന്തു എന്ന സിനിമയുടെ ആ പേര് മാറ്റിയാലോ എന്നായിരുന്നു. ചതിക്കാത്ത ചന്തുവിന് പകരം ലവ് ലെറ്റര്‍ എന്നാക്കിയാലോ എന്ന് അവര്‍ ചിന്തിച്ചു. പക്ഷെ അതിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞുപോയത് കൊണ്ട് അത് വേണ്ടെന്ന് തീരുമാനിച്ചു. ഇതാരാണ് എഴുതിയതെന്ന് റാഫി ചോദിച്ചു. പുതിയ ആളാണെന്ന് പറഞ്ഞപ്പോള്‍ ബാക്കിയും അവനെ കൊണ്ട് എഴുതിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് സന്തോഷ് വര്‍മ എന്ന ഒരാള്‍ ഉണ്ടാകുന്നത്. അദ്ദേഹമായിരുന്നു ഈ പാട്ടിന് പിന്നില്‍,’ അലക്‌സ് പോള്‍ പറഞ്ഞു.


Content Highlight: Alex Paul Talks About Love Letter Song In Chathikkatha Chanthu

Latest Stories

We use cookies to give you the best possible experience. Learn more