മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഇന്ത്യന്‍ പെര്‍ഫോമന്‍സ് റൈറ്റ്സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നിരവധി മനോഹരമായ മലയാള ഗാനങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതിയിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയിലെ പ്രതിഭയെ വര്‍ണ്ണിക്കുകയാണ് സംഗീത സംവിധായകന്‍ അലക്‌സ് പോള്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ് എന്ന പാട്ടിന്റെ വരികള്‍ ഗിരീഷ് പുത്തഞ്ചേരി നിമിഷങ്ങള്‍കൊണ്ട് എഴുതിയതാണെന്ന് അലക്‌സ് പറയുന്നു.
വരികള്‍ ലഭിച്ചതിന് ശേഷമാണ് ആ ഗാനത്തിന് താന്‍ സംഗീതം കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലക്‌സ് പോള്‍.
‘ഗിരീഷ് പുത്തഞ്ചേരി എന്ന് പറയുന്നത് അസാധ്യമായ ടാലന്റ് ഉള്ള മനുഷ്യനാണ്. അതില്‍ എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് അദ്ദേഹം അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ് എന്ന പാട്ടിന്റെ വരികള്‍ എഴുതിയപ്പോഴാണ്.
ഞങ്ങള്‍ എല്ലാം ഇരിക്കുമ്പോള്‍ അദ്ദേഹം ചുമ്മാ സംസാരത്തിന്റെ ഇടയിലൂടെ എഴുതിത്തന്ന വരികളാണത്. വരികള്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ അത് ട്യൂണ്‍ ചെയ്യുന്നത് പോലും. എഴുതിയിട്ട് എന്റെ കൈയില്‍ തന്നിട്ട് എങ്ങനെ ഉണ്ടെന്ന് ഗിരീഷ് പുത്തഞ്ചേരി ചോദിച്ചു, എന്നിട്ട് അതെനിക്ക് തന്നു ഞാന്‍ പോയി കംപോസ് ചെയ്തു. അങ്ങനെയാണ് ആ പാട്ട് ഉണ്ടാകുന്നത്.
എത്ര മനോഹരമായ വരികളാണത്. അരപ്പവന്‍ പൊന്നുകൊണ്ട് അരയില്‍ ഒരു ഏലസ്സ്, എങ്ങനെയാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള വരികളെല്ലാം ലഭിക്കുന്നത്. അനുഗ്രഹീതന്‍ എന്ന് വേണം പറയാന്‍. ആദ്യം ഒരാള്‍ പാട്ട് കേള്‍ക്കുമ്പോള്‍ അതിന്റെ സംഗീതമാണ് ആസ്വദിക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ പിന്നീട് ആ ഗാനം നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ വരികള്‍ നന്നായിരിക്കണം. വരികളാണ് ഒരു പാട്ടിനെ കാലങ്ങളോളം മുന്നോട്ട് കൊണ്ടുപോകുന്നത്,’ അലക്‌സ് പോള്‍ പറയുന്നു.
Content Highlight: Alex Paul Talks About Girish Puthenchery