Entertainment
എന്റെ ഖൽബിലെ എന്ന ഗാനം കേട്ടാൽ ഞാൻ ഓഫ് ചെയ്യും, ചോക്ലേറ്റിലെ ആ പാട്ടും അങ്ങനെയാണ്: അലക്സ് പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 07:40 am
Tuesday, 6th August 2024, 1:10 pm

പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, നരേൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ക്ലാസ്മേറ്റ്സ്. ജെയിംസ് ആൽബർട്ട് തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച ക്യാമ്പസ്‌ ചിത്രങ്ങളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.

ചിത്രം പോലെ തന്നെ വലിയ സ്വീകര്യത നേടാൻ ക്ലാസ്മേറ്റ്സിലെ പാട്ടുകൾക്കും കഴിഞ്ഞിരുന്നു. അലക്സ് പോൾ ആയിരുന്നു ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചത്. എന്റെ ഖൽബിലെ, കാറ്റാടി തണലും തുടങ്ങിയ എല്ലാ ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ തനിക്ക് കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഗാനമാണ് എന്റെ ഖൽബിലെ എന്ന പാട്ടെന്ന് അലക്സ് പോൾ പറയുന്നു. അത് കേട്ട് മടുത്തെന്നും ഇപ്പോഴും പുതുമയുള്ള ഗാനങ്ങൾ ചെയ്യണമെന്നും അലക്സ് പോൾ പറഞ്ഞു. ചോക്ലറ്റ് എന്ന ചിത്രത്തിലെ ഇഷ്ടമല്ലേ എന്ന ഗാനവും തനിക്ക് താത്പര്യമില്ലാത്ത പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അലക്സ് പോൾ.

‘എന്റെ ഖൽബിലെ എന്ന പാട്ട് എനിക്കിപ്പോൾ ഇഷ്ടമല്ല. ഞാനത് കേട്ടാൽ അപ്പോൾ ഓഫ് ചെയ്യും. വേറൊന്നും കൊണ്ടല്ല നമ്മൾ അത് കേട്ട് കേട്ട് മടുത്തു. ഒരു പടം ചെയ്യുന്നതിന് മുമ്പ് ഒരുപാട് വട്ടം ഇത് കേൾക്കും. വീട്ടിൽ മിക്കവാറും വൈഫൊക്കെ വഴക്കിടാറുണ്ട്, ഒരു പാട്ട് തന്നെ സ്ഥിരമായി കേൾക്കുമ്പോൾ.

പക്ഷെ സിനിമ ഇറങ്ങി കഴിഞ്ഞാൽ അത് കേട്ടിരിക്കാൻ പറ്റില്ല, മറ്റൊരു അലക്സ് പോൾ ആവണമല്ലോ. പിന്നെ അതൊന്നും കേൾക്കാൻ പറ്റില്ല. അതിനേക്കാൾ മുകളിൽ നമ്മൾ ചെയ്യണം. പിന്നെ വ്യത്യസ്തമായിട്ടുള്ള ഗാനങ്ങൾ ചെയ്യണം. അപ്പോൾ പഴയതിനെ നമ്മൾ സ്നേഹിക്കാൻ പാടില്ല.

പഴയതിനെ ഒരുപാട് സ്നേഹിച്ചു കഴിഞ്ഞാൽ അവിടെ തന്നെ നമ്മൾ നിൽക്കേണ്ടി വരും. അതുപോലെ ചോക്ലേറ്റ് എന്ന ചിത്രത്തിൽ ഞാൻ ചെയ്ത ഇഷ്ടമല്ലേ എന്ന ഗാനം എനിക്കിഷ്ടപ്പെടാത്ത പാട്ടാണ്. ഞാൻ അവിടെ തന്നെ നിന്ന പാട്ടുപോലെയാണത്. എന്റെ ഖൽബിലെ എന്ന പാട്ടിന്റെ ഒരു ചേട്ടനെയോ അനിയനെയോ പോലെയാണ് ആ പാട്ടും,’അലക്സ് പോൾ പറയുന്നു.

മായാവി, ഹലോ , തുറുപ്പുഗുലാൻ, ചട്ടമ്പി നാട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമായി ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന സംഗീത സംവിധായകനാണ് അലക്സ് പോൾ.

Content Highlight: Alex Paul Talk About ente Qualbile Song In Classmates Movie