| Saturday, 10th August 2024, 6:28 pm

ആ മമ്മൂട്ടിചിത്രം ഞാന്‍ ഏറ്റെടുത്തപ്പോള്‍ രഞ്ജിത്തായിരുന്നു സംവിധായകന്‍, പക്ഷേ അവസാനനിമിഷം രഞ്ജിത് പിന്മാറി: അലക്‌സ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ സംഗീത സംവിധായകനാണ് അലക്‌സ് പോള്‍. ആദ്യ ചിത്രത്തിലെ തന്നെ ഗാനങ്ങള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് ബ്ലാക്ക്, രാജമാണിക്യം, ഹലോ, ചോക്ലേറ്റ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് അലക്‌സ് പോള്‍ സംഗീതം നല്‍കി. ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നല്ല പാട്ടുകളുടെ സ്രഷ്ടാവാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമാണ് രാജമാണിക്യം.

അന്നത്തെ കാലത്ത് സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത രാജമാണിക്യത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് അലക്‌സ് പോളായിരുന്നു. രാജമാണിക്യത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അലക്‌സ് പോള്‍. താന്‍ ആ സിനിമയിലേക്ക് എത്തുന്ന സമയത്ത് രഞ്ജിത് സംവിധാനം ചെയ്യാനിരുന്നതായിരുന്നുവെന്ന് അലക്‌സ് പോള്‍ പറഞ്ഞു. ബ്ലാക്കിന് ശേഷം താന്‍ വീണ്ടും രഞ്ജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സിനിമ എന്ന രീതിയിലാണ് രാജമാണിക്യത്തെ സമീപിച്ചതെന്നും അലക്‌സ് പോള്‍ പറഞ്ഞു.

എന്നാല്‍ അവസാനനിമിഷം രഞ്ജിത് പിന്മാറിയെന്നും പകരം അന്‍വര്‍ റഷീദ് ആ സിനിമ സംവിധാനം ചെയ്തുവെന്നും അലക്‌സ് പോള്‍ പറഞ്ഞു. പുതിയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് അന്‍വര്‍ റഷീദ് തമാശയായി ചോദിച്ചുവെന്നും അന്‍വറിന്റെ കൂടെ കട്ട സപ്പോര്‍ട്ട് കൊടുത്ത് താന്‍ നിന്നുവെന്ന് അലക്‌സ് പോള്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജമാണിക്യം ഞാന്‍ ആദ്യം ചെയ്യാമെന്നേറ്റ സമയത്ത് അതിന്റെ സംവിധായകന്‍ രഞ്ജിത്തായിരുന്നു. ബ്ലാക്കിന് ശേഷം രഞ്ജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നു എന്ന ഫാക്ടറാണ് ആ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പക്ഷേ അവസാന മിനിറ്റില്‍ എന്തൊക്കെയോ കാരണം കൊണ്ട് രഞ്ജിത് ആ സിനിമയില്‍ നിന്ന് പിന്മാറി. രഞ്ജിത്തിന് പകരം വന്നയാളാണ് അന്‍വര്‍ റഷീദ്.

ഞാന്‍ ആ സിനിമയുടെ വര്‍ക്കിന് വേണ്ടി പോയപ്പോളാണ് അന്‍വറാണ് സംവിധായകനെന്ന് അറിഞ്ഞത്. പെട്ടെന്ന് എനിക്ക് കണ്‍ഫ്യൂഷനായി. ഞാന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടിട്ട് ‘പുതിയ പിള്ളേരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ’ എന്ന് അന്‍വര്‍ എന്നോട് ചോദിച്ചു. ഒരു ബുദ്ധിമുട്ടുമില്ല എന്ന പറഞ്ഞ് ഞാന്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്തു. നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു അത്,’ അലക്‌സ് പോള്‍ പറഞ്ഞു.

Content Highlight: Alex Paul saying that Ranjith was the first director Rajamanikyam

We use cookies to give you the best possible experience. Learn more