ആ മമ്മൂട്ടി ചിത്രം ഹിറ്റായത് എന്റെ പാട്ടുകള്‍ കാരണമാണെന്ന് നിര്‍മാതാവ് പറഞ്ഞു: അലക്‌സ് പോള്‍
Entertainment
ആ മമ്മൂട്ടി ചിത്രം ഹിറ്റായത് എന്റെ പാട്ടുകള്‍ കാരണമാണെന്ന് നിര്‍മാതാവ് പറഞ്ഞു: അലക്‌സ് പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th August 2024, 7:34 pm

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ സംഗീത സംവിധായകനാണ് അലക്‌സ് പോള്‍. ആദ്യ ചിത്രത്തിലെ തന്നെ ഗാനങ്ങള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനാവാന്‍ അദ്ദേഹത്തിന് സാധിച്ചു.

കരിയറില്‍ ചെയ്ത പാട്ടുകളില്‍ പലതും ഹിറ്റാക്കിയ അലക്‌സ് പോളിന് അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഷാഫി, റാഫി-മെക്കാര്‍ട്ടിന്‍ എന്നിവരുടെ സിനിമയിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു അലക്‌സ് പോള്‍. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 2007ല്‍ റിലീസായ ചിത്രമാണ് മായാവി. ചിത്രത്തിന് സംഗീതം നല്‍കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അലക്‌സ് പോള്‍.

ആ സിനിമയില്‍ ആകെ രണ്ട് പാട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രണ്ടും വലിയ ഹിറ്റായി മാറിയെന്നും അലക്‌സ് പോള്‍ പറഞ്ഞു. സിനിമ ഹിറ്റായതിന് ശേഷം അതിലെ പാട്ടുകള്‍ കാരണമാണ് സിനിമ ഹിറ്റായതെന്ന് മായാവിയുടെ നിര്‍മാതാവ് തന്നോട് പറഞ്ഞുവെന്ന് അലക്‌സ് പോള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് കിട്ടിയ വലിയ അംഗീകാരങ്ങളിലൊന്നായി താനതിനെ കണക്കാക്കുന്നുവെന്നും അലക്‌സ് പോല്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മായാവി എന്ന സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. അതില്‍ ആകെ രണ്ട് പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. ‘മുറ്റത്തെ മുല്ലേ ചൊല്ല്’, ‘സ്‌നേഹം തേനല്ല,’. രണ്ട് പാട്ടും വലിയ ഹിറ്റായി മാറി. സിനിമ ഹിറ്റായിക്കഴിഞ്ഞപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ എന്റെയടുത്ത് വന്നിട്ട് ‘നിങ്ങളുടെ പാട്ട് കാരണമാണ് ഈ സിനിമ ഹിറ്റായത്,’ എന്ന് പറഞ്ഞു.

ആ പ്രൊഡ്യൂസര്‍ മായാവിക്ക് മുമ്പ് നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും വലിയ ഹിറ്റായിട്ടില്ല. അതിന്റെ സങ്കടം നല്ലോണം ഉണ്ടായിരുന്നു. അപ്പോഴാണ് മായവി ഹിറ്റായത്. അതിന്റെ ക്രെഡിറ്റ് പുള്ളി എനിക്കാണ് തന്നത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ആ പ്രൊഡ്യൂസറുടെ വാക്കുകളെ കാണുന്നത്,’ അലക്‌സ് പോള്‍ പറഞ്ഞു.

Content Highlight: Alex Paul about Mayavi movie and Mammootty