Entertainment
മനുഷ്യന് കേൾക്കാനാവാത്ത ഫ്രീക്വൻസിയിലാണ് മമ്മൂട്ടി ചിത്രത്തിലെ ആ ഹിറ്റ് ബി.ജി.എം ഞാൻ ഒരുക്കിയത്: അലക്സ് പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 06:57 am
Sunday, 23rd February 2025, 12:27 pm

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സംഗീത സംവിധായകനാണ് അലക്സ്‌ പോൾ. ആദ്യ ചിത്രത്തിലെ തന്നെ ഗാനങ്ങൾ വലിയ രീതിയിൽ മലയാളികൾ ഏറ്റെടുത്തിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനാവാൻ അദ്ദേഹത്തിന് സാധിച്ചു.

മായാവി, ഹലോ, ചട്ടമ്പി നാട്, ക്ലാസ്‌മേറ്റ്സ് തുടങ്ങി ബോക്സ്‌ ഓഫീസിൽ വലിയ വിജയമായ സിനിമകളിലെല്ലാം അലക്സ്‌ ഭാഗമായിരുന്നു. ബ്ലാക്ക് എന്ന ചിത്രത്തിലെ ‘അമ്പലക്കര തെച്ചിക്കാവിലെ പൂരം’ എന്ന ഗാനമെല്ലാം അലക്സിന്റെ സൂപ്പർഹിറ്റ് പാട്ടാണ്.

എന്നാൽ പാട്ടുകൾ ഹിറ്റായിട്ടും സിനിമയിൽ പശ്ചാത്തല സംഗീതം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചില്ലായിരുന്നുവെന്നും അത്തരത്തിൽ ആദ്യം ചാൻസ് കിട്ടിയത് തൊമ്മനും മക്കളും എന്ന സിനിമയിലാണെന്നും അദ്ദേഹം പറയുന്നു. ഒരു പരീക്ഷണമെന്ന പോലെ മനുഷ്യന് കേൾക്കാൻ പറ്റുന്നതിനും മുകളിലുള്ള ഫ്രീക്വൻസിയിലാണ് താൻ തൊമ്മനും മക്കളിലും പശ്ചാത്തല സംഗീതം ഒരുക്കിയതെന്നും അന്ന് എഡിറ്റർ തനിക്ക് താക്കീത് തന്നിട്ടും അവയെല്ലാം വലിയ ഹിറ്റായെന്നും അലക്സ് പോൾ പറഞ്ഞു.

‘റാഫി-മെക്കാർട്ടിന്റെ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിൽ അരങ്ങേറുന്നത്. അതിലെ പാട്ടുകൾക്ക് സംഗീതം നൽകാനായെങ്കിലും പശ്ചാത്തലസംഗീതം ചെയ്യാനുള്ള അവസരം ലഭിച്ചില്ല. നവാഗതനായത് കൊണ്ടാകണം അത് ബേണി-ഇഗ്നേഷ്യസിനെയാണ് സംവിധായകർ ഏൽപ്പിച്ചത്.

ചിത്രത്തിലെ പാട്ടുകൾ വലിയ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ വന്നു. പിന്നീട് മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. അതിലെ ഏക പാട്ടായ ‘അമ്പലക്കര തെച്ചിക്കാവില് പുര’ത്തിന് വലിയ പിന്തുണ ലഭിച്ചെങ്കിലും പശ്ചാത്തലമൊരുക്കാൻ കഴിഞ്ഞില്ല. ആദ്യമായി പശ്ചാത്തല സംഗീതമൊരുക്കാൻ അവസരം ലഭിക്കുന്നത് തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെയായിരുന്നു.

അതിൽ വ്യത്യസ്തമായ പശ്ചാത്തലമൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മനുഷ്യന് കേൾക്കാൻ പറ്റുന്ന ശബ്ദത്തിന്റെ ഫ്രീക്വൻസി 20 മുതൽ 20000 വരെയാണ്. ഞാൻ അതിനുമുകളിലുള്ള ഫ്രീക്വൻസിയിൽ പശ്ചാത്തല സംഗീതമൊരുക്കി. ഇത് ആർക്കും കേൾക്കാനാവില്ലല്ലോ എന്ന് റെക്കോഡിസ്റ്റ് പലകുറി താക്കീതു നൽകി. എന്നിട്ടും ഒരു പരീക്ഷണത്തിന് മുതിർന്നു. അത് വലിയ വിജയമായി. അതിനുശേഷം എല്ലാ സിനിമകളിലും പശ്ചാത്തലസംഗീതത്തിനുള്ള അവസരവും ലഭിച്ചു. പരീക്ഷണങ്ങൾ നടത്തിയതുകൊണ്ടാവാം അവ ഹിറ്റായത്,’ അലക്സ് പോൾ പറയുന്നു.

Content Highlight: Alex Paul About B.G.M In Thommanum Makkalum Movie