[]ലണ്ടന്‍: കഴിഞ്ഞ ഇരുപത്തിയാറര വര്‍ഷത്തെ റെക്കോര്‍ഡ് ജീവിതത്തിലേയ്ക്കുള്ള തിരിഞ്ഞു നോട്ടമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ആത്മകഥ പുറത്തിറക്കി. ഓള്‍ഡ് ട്രാഫോര്‍ഡായിരുന്നു വേദി.
എന്റെ ആത്മകഥ എന്നു പേരിട്ടിട്ടുള്ള പുസ്തകം വ്യാഴാഴ്ച മുതല്‍ വില്‍പനയ്‌ക്കെത്തും. ആത്മകഥയിലെ പ്രസക്തമായ ചില ഭാഗങ്ങള്‍ എ.എഫ്.പി സ്‌പോര്‍ട്‌സ് പുറത്തു വിട്ടു.
1999-2001 കാലയളവില്‍ ഇംഗ്ലണ്ട് ടീമിന്റെ മാനേജര്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടപ്പോള്‍:
“ഇത് ശാശ്വതമാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാക്കാലത്തും ഞാന്‍ ഇതേ ശരശയ്യയിലായിരിക്കില്ല”
ഡേവിഡ് ബെക്കാമിനെക്കുറിച്ച്:
“ഞാന്‍ നയിച്ചതില്‍, പ്രശസ്തനാകണം എന്നാഗ്രഹിച്ച ഒരേയൊരു താരമാണ് ഡേവിഡ്. ഫുട്‌ബോളിനു പുറത്തും അറിയപ്പെടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം”
2003 ഫെബ്രുവരിയില്‍ നടന്ന എഫ്.എ കപ്പില്‍ ആഴ്‌സനലിനോടേറ്റ പരാജയത്തെ തുടര്‍ന്ന് ബെക്കാമുമായി ഇടഞ്ഞപ്പോള്‍:
“ഡേവിഡ് കുപിതനായി. ഞാന്‍ അദ്ദേഹത്തിനു നേരെ നടന്നു. മുമ്പോട്ടു നീങ്ങുന്നതിനിടയില്‍ ഞാന്‍ തൊഴിച്ചെറിഞ്ഞ ബൂട്ട് ഡേവിഡിന്റെ കണ്ണിനു മുകളിലാണ് പതിച്ചത്. അദ്ദേഹം ചാടിയെണീറ്റ് എനിക്കു നേരെ കുതിച്ചു. എന്നാല്‍ മറ്റു കളിക്കാര്‍ അദ്ദേഹത്തെ തടഞ്ഞു. “അവിടെയിരിക്കൂ” ഞാന്‍ പറഞ്ഞു. ” നിങ്ങളുടെ ടീമിനെ നിങ്ങള്‍ തന്നെ തോല്‍പിച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ എന്നോടു തര്‍ക്കിക്കാം.”
വെയ്ന്‍ റൂണിയെക്കുറിച്ച്:
“അദ്ദേഹം കളിക്കിടയില്‍ തളരുന്നതായി എനിക്കു തോന്നി. 2013-ല്‍ ലീഗ് കിരീടം നേടിയതിനു ശേഷം അദ്ദേഹം എന്റെ ഓഫീസില്‍ വന്നു. ചില കളികളില്‍ ഒഴിവാക്കിയതും ചിലതില്‍ സബ്സ്റ്റിറ്റിയൂട്ടാക്കിയതിലും അദ്ദേഹം നിരാശനായിരുന്നു.”
ക്ലബിന്റെ സ്വന്തം ടെലിവിഷന്‍ സ്റ്റേഷനായ എം.യു.ടി.വിയ്ക്ക് വേണ്ടി നടത്തിയ ഒരഭിമുഖത്തില്‍ മുന്‍ ക്യാപ്‌ററന്‍ റോയി കീന്‍ തന്റെ ടീമംഗങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചതിനെക്കുറിച്ച് (ഒരിക്കലും പുറത്തുവരാത്ത ഈ ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് ഫെര്‍ഗൂസണും കീനും തമ്മില്‍ തെറ്റിയിരുന്നു):
“അത് കാണുന്നതു തന്നെ ഭീതിജനകമായിരുന്നു. ഞാന്‍ ഗ്ലാസ്‌ഗോയില്‍ നിന്നാണ്. നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതില്‍ വച്ചേറ്റവും സംസ്‌കാരശൂന്യമായ നാവാണ് അയാളുടേത്”.
കീനിന്റെ പരാമര്‍ശത്തെക്കുറിച്ച് തന്റെ അസിസ്റ്റന്റ് കാര്‍ലോസ് ക്വിറോസുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:
” അയാള്‍ക്ക് പോകണം, കാര്‍ലോസ്” ഞാന്‍ പറഞ്ഞു. ” നൂറു ശതമാനവും” അദ്ദേഹം പറഞ്ഞു. “പുറത്താക്കിയേക്കൂ” ഞാന്‍ പ്രതിവചിച്ചു.
ക്രിസ്ത്യാനോ റൊണാള്‍ഡോയെക്കുറിച്ച്:
“ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച കളിക്കാരമാണ് അദ്ദേഹം”
ആദ്യമായി റൊണാള്‍ഡോയുടെ കളി കണ്ടപ്പോള്‍:
“ഫുട്‌ബോള്‍ മാനേജ്‌മെന്റില്‍ ഏറ്റവുമധികം ആവേശവും പ്രതീക്ഷയും തോന്നിയത് അപ്പോഴാണ്”
യുണൈറ്റഡിന്റെ പാട്രിസ് എവ്‌റ, ലിവര്‍പൂളിന്റെ ലൂയിസ് സുവാരസിനെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് സുവാരസിന് പിന്തുണ പ്രഖ്യാപിച്ച് അത്തരം ടീഷര്‍ട്ടുകള്‍ ധരിക്കാനുള്ള ലിവര്‍പൂള്‍ തീരുമാനത്തെക്കുറിച്ച്:
” ലിവര്‍പൂളിന്റെ നിലവാരത്തിലുള്ള ഒരു ക്ലബിനെ സംബന്ധിച്ച് ആ തീരുമാനം തീര്‍ത്തും പരിഹാസ്യമായിരുന്നു.”