മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മസ്തിഷ്‌കത്തിലെ ആന്തരിക രക്തസ്രാവം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെര്‍ഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.
ഫെര്‍ഗൂസണെ ആശുപത്രിയിലാക്കിയെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബും സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാം ശുഭമായി പോകുന്നുവെന്നും നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്നും ക്ലബ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് കുടുംബവും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെര്‍ഗൂസണ്‍ എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെയെന്നാണ് ആഗ്രഹിക്കുന്നതന്ന് അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുള്ള റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
1986 നവംബറിലാണ് അലക്‌സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റത്. 2010 ഡിസംബര്‍ 19-ന് സര്‍ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി സ്വന്തമാക്കി. ഈ കാലയളവില്‍ പല പുരസ്‌കാരങ്ങളും ഇദ്ദേഹം നേടി. ബ്രിട്ടിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ “മാനേജര്‍ ഓഫ് ദ ഇയര്‍” പുരസ്‌കാരം നേടിയതും ഇതിലുള്‍പ്പെടുന്നു.
11 പ്രീമിയര്‍ ലീഗ്, 5 എഫ്.എ. കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യന്‍സ് ലീഗ് എന്നിവ അലക്‌സ് ഫെര്‍ഗൂസന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടി.
ഫുട്‌ബോളിനു നല്‍കിയ സംഭാവനകളെ മാനിച്ച് 1999-ല്‍ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു. “ഫ്രീഡം ഓഫ് സിറ്റി ഓഫ് അബര്‍ഡീന്‍” പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012-13 സീസണിലാണ് മാഞ്ചസ്റ്ററിനെ മാനേജ്‌മെന്റില്‍ നിന്ന് ഫെര്‍ഗൂസണ്‍ പടിയിറങ്ങുന്നത്. പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊണ്ടായിരുന്നു അവസാന സീസണ്‍ അദ്ദേഹം അവസാനിപ്പിച്ചത്.
WATCH THIS VIDEO: