ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഏറ്റവും ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ കൂടുമാറ്റവും. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റോണോക്ക് ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ അദ്ദേഹത്തിന് ആവശ്യമുള്ള ക്ലബ്ബുകളൊന്നും ഇതുവരെ മുന്നോട്ടെത്തിയിട്ടില്ല. റോണോയെ ടീമില്‍ നിന്നും പറഞ്ഞുവിടാന്‍ മാഞ്ചസ്റ്ററിനും താല്‍പര്യമില്ല. അടുത്ത സീസണിലെ തന്റെ പ്ലാനില്‍ റോണോയുണ്ടെന്നാണ് പുതിയ കോച്ചായ എറിക് ടെന്‍ ഹാഗ് അറിയിച്ചത്. എന്നാല്‍ റോണോ ടീമിന്റെ പ്രീസീസണ്‍ മത്സരങ്ങളിലൊന്നും ഇതുവരെ പങ്കെടുത്തിട്ടില്ല.
ഇപ്പോള്‍ അദ്ദേഹത്തിനെ ടീമില്‍ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കാന്‍ ടീമിന്റെ മുന്‍ ഇതിഹാസ കോച്ചായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ട്രെയിനിങ് ഗ്രൗണ്ടിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ലബ്ബ് വിടണമെന്നുള്ള താരത്തിന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയതെന്നാണ് വിലയിരുത്തല്‍.
ഇതുവരെ ടീമിന്റെ കൂടെ പങ്കെടുക്കാതിരുന്ന റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. താരത്തിന്റെ തിരിച്ചു വരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ വേണ്ടിയാണോ, അതോ ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്ന ചര്‍ച്ചകള്‍ക്കു വേണ്ടിയാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അലക്സ് ഫെര്‍ഗൂസന്‍ അടക്കമുള്ളവര്‍ മാഞ്ചസ്റ്ററില്‍ എത്തിയതോടെ ക്ലബ്ബില്‍ തുടരാന്‍ റൊണാള്‍ഡോക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകാനിടയുണ്ട്.
ഫെര്‍ഗൂസന് പുറമെ യുണൈറ്റഡിന്റെ സി.ഇ.ഒയും റോണോയുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ ഭാവി എന്താകുമെന്ന് വരും ദിവസങ്ങളിലറിയാന്‍ സാധിക്കും.
റൊണാള്‍ഡോയെ താരമാക്കി മാറ്റിയതില്‍ പ്രധാന പങ്കുള്ളയളാണ് ഫെര്‍ഗൂസന്‍. അദ്ദേഹം യുണൈറ്റഡിന്റെ കോച്ചായിരുന്നപ്പോഴായിരുന്നു റോണോ യുണൈറ്റഡിന്റെ സൂപ്പര്‍താരമായത്.
ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തതാണ് റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ താരത്തെ ടീമില്‍ നിലനിര്‍ത്തണമെന്നും വരുന്ന സീസണിലെ പദ്ധതികളില്‍ താരമുണ്ടെന്നും എറിക് ടെന്‍ ഹാഗ് അറിയിച്ചിരുന്നു.
Content Highlights: Alex Ferguson went to united to talk with Cristiano Ronaldo